ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ജാമിയ മിലിയയുടെ ശ്മശാനത്തില്‍ സംസ്‌കരിക്കും : തീരുമാനം കുടുംബത്തിന്റെ പ്രത്യേക അഭ്യര്‍ഥനയെത്തുടര്‍ന്ന്‌

Danish Siddiqui | Bignewslive

ന്യൂഡല്‍ഹി : അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ജാമിയ മിലിയ ഇസ്ലാമിക സര്‍വകലാശാലയുടെ ശ്മശാനത്തില്‍ സംസ്‌കരിക്കും.

സിദ്ദിഖിയുടെ മൃതദേഹം ജാമിയ ശ്മശാനത്തില്‍ സംസ്‌കരിക്കണമെന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അഭ്യര്‍ഥന സര്‍വകലാശാല വൈസ് ചാന്‍സലര്‍ അംഗീകരിക്കുകയായിരുന്നെന്ന് പിആര്‍ഒ അഹമ്മദ് അസീം അറിയിച്ചു. ജാമിയയിലെ ജീവനക്കാരുടെയും അവരുടെ പങ്കാളികളുടെയും പ്രായപൂര്‍ത്തിയാകാത്ത മക്കളുടെയും മൃതദേഹങ്ങളാണ് സാധാരണയായി ഇവിടെ സംസ്‌കരിക്കാറ്. എന്നാല്‍ സിദ്ദിഖിന് വേണ്ടി ഈ പതിവിന് മാറ്റം കൊണ്ടുവരികയാണെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു.

ശനിയാഴ്ച വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍ സിദ്ദിഖിയുടെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. ജാമിയയുമായി ബന്ധമുള്ള കുടുംബമാണ് സിദ്ദിഖിയുടേത്. അദ്ദേഹത്തിന്റെ പിതാവ് മുഹമ്മദ് അക്തര്‍ സിദ്ദിഖി ജാമിയയിലെ മുന്‍ പ്രൊഫസര്‍ ആയിരുന്നു. ജാമിയയില്‍ തന്നെയായിരുന്നു സിദ്ദിഖിയുടെ വിദ്യാഭ്യാസവും.

വെള്ളിയാഴ്ചയാണ് സിദ്ദിഖി അഫ്ഗാനിസ്ഥാനില്‍ വെച്ച് താലിബാനുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

Exit mobile version