“ഡാനിഷ് പ്രവര്‍ത്തിച്ചത് സുരക്ഷാ സേനയുമായി ചേര്‍ന്ന്, ഞങ്ങളുടെ സ്ഥലത്ത് വരുമ്പോള്‍ ഞങ്ങളുമായി സഹകരിക്കണം” : വെടിവെയ്പ്പിനെക്കുറിച്ച് താലിബാന്‍

Danish Siddiqui | Bignewslive

ന്യൂഡല്‍ഹി : പുലിസ്റ്റര്‍ പുരസ്‌കാര ജേതാവും റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയുടെ ചീഫ് ഫോട്ടോഗ്രാഫറുമായിരുന്ന ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടത് തങ്ങളുമായി സഹകരിക്കാത്തതിനെത്തുടര്‍ന്നെന്ന് താലിബാന്‍ വക്താവ് മുഹമ്മദ് സൊഹൈല്‍ ഷഹീന്‍.

എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ദോഹയിലുള്ള താലിബാന്‍ പൊളിറ്റിക്കല്‍ ഓഫീസിന്റെ പ്രതിനിധിയായ ഷഹീന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. തങ്ങള്‍ ഡാനിഷ് സിദ്ദീഖിയെ കൊലപ്പെടുത്തിയെന്ന് നിങ്ങള്‍ക്ക് പറയാന്‍ കഴിയില്ലെന്നും ഞങ്ങളുടെ സ്ഥലത്ത് വരുമ്പോള്‍ ഞങ്ങളുമായി സഹകരിക്കണം എന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് പല തവണ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഷഹീന്‍ പറഞ്ഞു

“ഡാനിഷ് ഞങ്ങളുമായി സഹകരിക്കാതെ കാബൂളിലെ സുരക്ഷാ സേനയുമായി ഏകോപനം നടത്തുകയാണുണ്ടായത്. അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സമയം സൈനികനോ പത്രപ്രവര്‍ത്തകനോ സുരക്ഷാ ഉദ്യോഗസ്ഥനോ എന്ന വ്യത്യാസം ഉണ്ടായിരിക്കുകയില്ല.അദ്ദേഹം കൊല്ലപ്പെട്ടത് ക്രോസ് ഫയറിംഗിലാണ്. അതിനാല്‍ തന്നെ ആരാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് പറയുക സാധ്യമല്ല.” ഷഹീന്‍ പറഞ്ഞു.

ഡാനിഷിന്റെ മൃതദേഹം വികൃതമാക്കിയെന്ന റിപ്പോര്‍ട്ട് നിഷേധിച്ച താലിബാന്‍ മൃതദേഹങ്ങള്‍ വികൃതമാക്കുന്നത് തങ്ങളുടെ നയമല്ലെന്നും തങ്ങളുടെ മേല്‍ കുറ്റം ആരോപിക്കാന്‍ അഫ്ഗാന്‍ സേനയായിരിക്കും അത് ചെയ്തതെന്നും ആരോപിച്ചു.ലോകമെമ്പാടുമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് അഫ്ഗാനിലെത്തി സ്ഥിതിഗതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് തടസ്സങ്ങളൊന്നുമില്ലെന്നും ഷഹീന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version