യുപിയിൽ വെടിയുതിർത്തില്ലെന്ന് ആവർത്തിച്ച് പോലീസ്; വെടിവെയ്ക്കുന്ന പോലീസുകാരുടെ വീഡിയോ പങ്കുവെച്ച് സോഷ്യൽമീഡിയ; കള്ളം പറഞ്ഞ് നാണംകെട്ട് യോഗിയുടെ പോലീസ്

കാൺപൂർ: പൗരത്വ നിയമഭേദഗതിക്ക് എതിരെ നടന്ന പ്രതിഷേധങ്ങൾക്ക് നേരെ വെടിയുതിർത്തിട്ടില്ല എന്ന് യുപി പോലീസ് ആവർത്തിക്കുമ്പോൾ തെളിവ് പുറത്ത് വിട്ട് സോഷ്യൽമീഡിയയും ദേശീയ മാധ്യമങ്ങളും. യുപി പോലീസിന്റെ പ്രതിഷേധക്കാരെ നേരിടാൻ വെടിവയ്പ്പ് നടത്തിയിട്ടില്ലെന്ന വാദമാണ് ഇതോടെ പൊളിയുന്നത്. പ്രതിഷേധം ശക്തമായ കാൺപൂരിലടക്കം പൊലീസുകാർ വെടിവയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പ്രതിഷേധക്കാരാണ് നാടൻതോക്കുകളുമായി വെടിവയ്പ്പ് നടത്തിയതെന്നായിരുന്നു പോലീസിന്റെ വാദം. എന്നാൽ പോലീസുകാർ വെടിവയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ യുപി പോലീസ് നാണംകെട്ടിരിക്കുകയാണ്.

അതേസമയം, പ്രതിഷേധക്കാർക്ക് നേരെ ഒരൊറ്റ ബുള്ളറ്റുപോലും ഉപയോഗിച്ചിട്ടില്ലെന്ന് യുപി പോലീസ് ഡിജിപി ഒപി സിങ് ആവർത്തിക്കുന്നത് ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിമർശനങ്ങൾക്ക് കാരണമായിരിക്കുകയാണ്. യുപിയിലെ പ്രതിഷേധങ്ങളിലാകെ 18 പേർക്കാണ് ഇതുവരെ ജീവൻനഷ്ടമായത്. രാംപൂരിൽ ഇന്നലെ നടന്ന സംഘർഷത്തിലും ഒരാൾ മരിച്ചിരുന്നു. സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുകയാണ്. വിവിധ നഗരങ്ങളിൽ ഇൻറർനെറ്റ് നിയന്ത്രണം പിൻവലിച്ചിട്ടില്ല. അതേസമയം, പ്രകടനങ്ങളിൽ പങ്കെടുക്കുകയും അക്രമങ്ങൾ നടത്തുകയും ചെയ്തവർക്കെതിരെ കർശന നടപടിക്കൊരുങ്ങുകയാണ് സർക്കാർ. പ്രക്ഷോഭകരുടെ സ്വത്ത് കണ്ടുകെട്ടാൻ യോഗി സർക്കാർ നടപടി ആരംഭിച്ചിട്ടുമുണ്ട്.

Exit mobile version