ഷെയ്‌നിന് എതിരായ വിലക്ക്; ഫെഫ്കയും അമ്മയും, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് കത്ത് നല്‍കും

നടന്‍ ഷെയ്‌നിനെതിരെയുള്ള നിര്‍മ്മാതാക്കളുടെ സംഘടനയുടെ വിലക്ക് പിന്‍വലിപ്പിക്കാനുള്ള നീക്കം തുടരുന്നു.

കൊച്ചി: നടന്‍ ഷെയ്‌നിനെതിരെയുള്ള നിര്‍മ്മാതാക്കളുടെ സംഘടനയുടെ വിലക്ക് പിന്‍വലിപ്പിക്കാനുള്ള നീക്കം തുടരുന്നു. പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്കയും താരസംഘടനയായ അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് കത്ത് നല്‍കും.

വെയില്‍, ഖുര്‍ബാനി സിനിമകളുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്‌നങ്ങളെ തുടര്‍ന്ന് ഷെയ്‌നെ വിലക്കിയ സംഭവത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഷെയ്‌നിന്റെ മാതാവ് സുനില കഴിഞ്ഞ ദിവസം താരസംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവിന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് കത്ത് നല്‍കാന്‍ അമ്മ സംഘടനയുടെ തീരുമാനം.

പ്രത്യേക യോഗം ചേര്‍ന്ന് ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും ഷെയ്‌നിന്റെ പ്രായം പരിഗണിച്ച് തെറ്റ് തിരുത്താന്‍ അവസരം നല്‍കണമെന്നും താരസംഘടനമായ അമ്മ ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ മുതിര്‍ന്ന താരങ്ങളെ ഉള്‍പ്പെടുത്തി പ്രശ്‌നം പരിഹരിക്കാനാണ് ഫെഫ്കയും താരസംഘടനയായ അമ്മയും ശ്രമിക്കുന്നത്. സമവായ ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കാന്‍ തയ്യാറാണെന്ന് ഫെഫ്ക പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ കത്തിലൂടെ അറിയിക്കും.

Exit mobile version