ഡബ്ബിംഗിന് കൂടുതല്‍ പണം ആവശ്യപ്പെട്ടു; ഷെയ്ന്‍ നിഗത്തിനെതിരെ വീണ്ടും പരാതി

കൊച്ചി: ഷെയ്ന്‍ നിഗം വെയില്‍ സിനിമയുടെ കരാര്‍ ലംഘിച്ച് മുടി മുറിച്ചു എന്ന ആരോപണം നിലനില്‍ക്കവെ വീണ്ടും നടനെതിരെ പരാതി. ഉല്ലാസം സിനിമയുടെ ഡബ്ബിംഗിന് കൂടുതല്‍ തുക ആവശ്യപ്പെട്ടു എന്നാണ് ഇപ്പോള്‍ ഉയര്‍ന്ന പരാതി. സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് നടന് നേരെ പരാതിയുമായി രംഗത്ത് വന്നത്. എന്നാല്‍ ആരോപണം നടന്‍ പൂര്‍ണ്ണമായും നിഷേധിച്ചു.

ചിത്രത്തില്‍ 25 ലക്ഷം രൂപ പ്രതിഫലം നിശ്ചയിച്ചായിരുന്നു കരാര്‍ ഒപ്പിട്ടത്. എന്നാല്‍ ഡബ്ബിംഗ് സമയത്ത് 20 ലക്ഷം രൂപ വീണ്ടും ആവശ്യപ്പെട്ടെന്ന് നിര്‍മ്മാതാക്കള്‍ പരാതിയില്‍ പറയുന്നു. ആവശ്യപ്പെട്ട പണം തന്നില്ലെങ്കില്‍ ഡബ്ബിംഗില്‍ നിന്നും പിന്മാറുമെന്നും ഷെയ്ന്‍ നിഗം പറഞ്ഞതായും അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

അതിനിടെ നടന്‍ ഷെയ്ന്‍ നിഗമിനെതിരായ പരാതികളില്‍ തുടര്‍നടപടികള്‍ ആലോചിക്കുന്നതിനായി നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍ യോഗം കൊച്ചിയില്‍ ആരംഭിച്ചു.

വെയില്‍ സിനിമയുമായി ബന്ധപ്പെട്ട് നടന് നേരെ ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ഉയര്‍ന്ന പരാതിയും കൂടെ കണക്കിലെടുത്ത് ഇന്ന് നടക്കുന്ന പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍ യോഗം ചര്‍ച്ച ചെയ്യും. യോഗത്തില്‍ ഷെയിനിനെതിരെ കര്‍ശനമായ നടപടി കൈകൊള്ളാനാണ് സംഘടനയുടെ തീരുമാനം.

Exit mobile version