‘മേപ്പാടന്‍ തിരുമേനിയുടെ ശിഷ്യനായി അഭിനയിക്കാന്‍ കഴിഞ്ഞത് എനിക്ക് രാജേട്ടന്റെ പേരില്‍ കിട്ടുന്ന ഒരു അവാര്‍ഡായാണ് കാണുന്നത്’; ഹരീഷ് പേരടി

ആരും അറിയാതെ ഇങ്ങിനെ ഒരു ഒസ്യത്ത് എന്റെ പേരില്‍ എഴുതി വെച്ചതിന് നന്ദിയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു

വിനയന്‍ സംവിധാനം ചെയ്ത് 1999ല്‍ തീയ്യേറ്ററുകളിലെത്തിയ ഹൊറര്‍ ചിത്രമാണ് ‘ആകാശഗംഗ’. ചിത്രത്തിന്റെ രണ്ടാം ഭാഗം വര്‍ഷങ്ങള്‍ക്ക് ശേഷം നാളെ തീയ്യേറ്ററുകളില്‍ എത്താന്‍ പോവുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ‘ആകാശഗംഗ 2’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഹരീഷ് പേരടിയും ഒരു ഗംഭീര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ആദ്യ ഭാഗത്തില്‍ മലയാളത്തിന്റെ അതുല്യ നടന്‍ രാജന്‍ പി ദേവ് അവതരിപ്പിച്ച ‘മേപ്പാടന്‍ തിരുമേനി’ എന്ന കഥാപാത്രത്തിന്റെ ശിഷ്യനായാണ് ഹരീഷ് പേരടി ചിത്രത്തില്‍ എത്തുന്നത്. ഇതേ കുറിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. ‘ആകാശഗംഗയുടെ രണ്ടാം ഭാഗത്തില്‍ രാജേട്ടന്‍ ഗംഭിരമാക്കിയ മേപ്പാടന്‍ തിരുമേനിയുടെ ശിഷ്യനായി അഭിനയിക്കാന്‍ വിനയന്‍ സാര്‍ എന്നെയാണ് നിയോഗിച്ചത്. ഇത് എനിക്ക് രാജേട്ടന്റെ പേരില്‍ കിട്ടുന്ന ഒരു അവാര്‍ഡായാണ് ഞാന്‍ കാണുന്നത്’ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. ആരും അറിയാതെ ഇങ്ങിനെ ഒരു ഒസ്യത്ത് എന്റെ പേരില്‍ എഴുതി വെച്ചതിന് നന്ദിയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

രാജേട്ടാ. ഞാന്‍ തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ അവിടെയുള്ള സംവിധായകരും തിരക്കഥാകൃത്തുക്കളും ഇപ്പോഴും രാജേട്ടനെ പറ്റി പറയാറുണ്ട്. കേള്‍ക്കുമ്പോള്‍ വലിയ സന്തോഷമാണ് .നാടകം, മലയാള സിനിമ, തമിഴ് സിനിമ.മുരളിയേട്ടനും കലാഭവന്‍ മണിയും തിലകന്‍ ചേട്ടനും നിങ്ങളുമൊക്കെ വെട്ടി തെളിയിച്ച വഴിയിലൂടെ ഇങ്ങിനെ നടക്കുമ്പോള്‍ അതിര്‍ത്തികള്‍ കിഴടക്കുന്ന ഒരു പട്ടാളക്കാരന്റെ സന്തോഷമാണെനിക്ക്.ഈ കത്തെഴുതാനുള്ള പ്രധാന കാരണം.നിങ്ങളഭിനയിച്ച ആകാശഗംഗയുടെ രണ്ടാം ഭാഗത്തില്‍ രാജേട്ടന്‍ ഗംഭിരമാക്കിയ മേപ്പാടന്‍ തിരുമേനിയുടെ ശിഷ്യനായി അഭിനയിക്കാന്‍ വിനയന്‍ സാര്‍ എന്നെയാണ് നിയോഗിച്ചത്. ഇത് എനിക്ക് രാജേട്ടന്റെ പേരില്‍ കിട്ടുന്ന ഒരു അവാര്‍ഡായാണ് ഞാന്‍ കാണുന്നത്.നവംബര്‍ ഒന്നിന് പടം റിലീസാവുകയാണ്.ആരും അറിയാതെ ഇങ്ങിനെ ഒരു ഒസ്യത്ത് എന്റെ പേരില്‍ എഴുതി വെച്ചതിന് നന്ദി. അറിയാത്ത ഒരു ലോകത്തിരുന്നുള്ള അനുഗ്രഹവര്‍ഷങ്ങള്‍ ഞാന്‍ അറിയുന്നുണ്ട്.മുരളിയേട്ടനോടും മണിയോടും തിലകന്‍ ചേട്ടനോടും ഭരത് ഗോപി സാറിനോടും അന്വേഷ്ണം അറിയിക്കണം.

Exit mobile version