ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്നത് ഷാജി കൈലാസോ അതോ സാം അലക്‌സോ; ആരാധകരില്‍ ആകാംക്ഷ ഉയര്‍ത്തി പൃഥ്വിരാജിന്റെ പോസ്റ്റ്

നാളെ തന്റെ പിറന്നാള്‍ ദിനത്തില്‍ രാവിലെ പത്ത് മണിക്ക് ഒരു സര്‍പ്രൈസ് പ്രഖ്യാപനം ഉണ്ടാവും എന്നാണ് ചുരുട്ട് കത്തിച്ച് പിടിച്ചിരിക്കുന്ന ഒരു വലതുകൈയുടെ ചിത്രം ഷെയര്‍ ചെയ്ത് കൊണ്ട് താരം കുറിച്ചത്

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് പൃഥ്വിരാജിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ്. ‘ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്നു!’ എന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്. ഇതാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വലിയൊരു ചര്‍ച്ചാ വിഷയമായിരിക്കുന്നത്. നാളെ തന്റെ പിറന്നാള്‍ ദിനത്തില്‍ രാവിലെ പത്ത് മണിക്ക് ഒരു സര്‍പ്രൈസ് പ്രഖ്യാപനം ഉണ്ടാവും എന്നാണ് ചുരുട്ട് കത്തിച്ച് പിടിച്ചിരിക്കുന്ന ഒരു വലതുകൈയുടെ ചിത്രം ഷെയര്‍ ചെയ്ത് കൊണ്ട് താരം കുറിച്ചത്.

ആറ് വര്‍ഷം മുമ്പ് തീയ്യേറ്ററുകളിലെത്തിയ ‘മെമ്മറീസി’ലെ രണ്ടാം ഭാഗം എത്തുന്നുണ്ടെന്നാണ് ചിലര്‍ ഇതിന് നല്‍കിയ കമന്റ്. ചിത്രത്തിലെ സാം അലക്‌സ് എന്ന കഥാപാത്രം പൃഥ്വിയുടെ സിനിമാ ജീവിതത്തിലെ വേറിട്ട കഥാപാത്രം ആയിരുന്നു. അല്ലെങ്കില്‍ പൃഥ്വിയുടെ തന്നെ ‘സെവന്‍ത് ഡേ’, ‘മുംബൈ പോലീസ്’ എന്നീ ചിത്രങ്ങളുടെ രണ്ടാം ഭാഗമായിരിക്കാം എന്നും ആരാധകര്‍ക്കിടയില്‍ അഭിപ്രായമുണ്ട്.

അതേസമയം മറ്റൊരു കൂട്ടര്‍ പറഞ്ഞിരിക്കുന്നത് ഇത് സംവിധായകന്‍ ഷാജി കൈലാസിന്റെ തിരിച്ചുവരവാണ് എന്നാണ്. ആറ് വര്‍ഷം മുമ്പാണ് ഷാജി കൈലാസ് അവസാനമായി ഒരു മലയാള ചിത്രം സംവിധാനം ചെയ്തത്. ജയറാം നായകനായി എത്തിയ ‘ജിഞ്ചര്‍’ എന്ന ചിത്രമായിരുന്നു അത്. അതോ ഇനി പൃഥ്വിയും ഷാജി കൈലാസും ഒന്നിച്ച് എത്തുന്ന ചിത്രമായിരിക്കുമോ എന്ന സംശയവും ആരാധകര്‍ പങ്കുവെച്ചിട്ടുണ്ട്.

Exit mobile version