ദാദാസാഹബ് ഫാല്‍ക്കെ പുരസ്‌കാരം അമിതാഭ് ബച്ചന്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പരമോന്നത പുരസ്‌കാരമായ ദാദാസാഹബ് ഫാല്‍ക്കെ പുരസ്‌കാരം ബിഗ് ബി അമിതാഭ് ബച്ചന്. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ് അവാര്‍ഡ് വിവരം പ്രഖ്യാപിച്ചത്. ഏകകണ്ഠമായാണ് ബച്ചനെ അവാര്‍ഡിന് തിരഞ്ഞെടുത്തതെന്ന് മന്ത്രി പറഞ്ഞു.

76-കാരനായ അമിതാഭ് ബച്ചനെ നേരത്തെ പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിരുന്നു. വിഖ്യാത ഹിന്ദി കവി ഹരിവംശറായ് ബച്ചന്റേയും തേജീ ബച്ചന്റേയും മകനായി 1942 ഒക്ടോബര്‍ 11-നാണ് അമിതാഭ് ബച്ചന്‍ ജനിച്ചത്.

1969 മുതല്‍ സിനിമാരംഗത്ത് സജീവമായ ബച്ചന്‍ 70-80 കാലഘട്ടത്തില്‍ ഇന്ത്യന്‍ സിനിമയെ ഇളക്കി മറിച്ചു കൊണ്ടാണ് താരസിംഹാസനത്തിലേക്ക് എത്തിയത്. അന്നു തൊട്ടിന്നോളം അദ്ദേഹം അഭിനയരംഗത്ത് സജീവമാണ്. ഭാര്യ ജയാ ബച്ചന്‍, മകന്‍ അഭിഷേക് ബച്ചന്‍, മരുമകള്‍ ഐശ്വര്യ റായ് എന്നിങ്ങനെ ബച്ചന്റെ കലാപാരമ്പര്യം കുടുബാംഗങ്ങളിലൂടേയും തുടരുകയാണ്.

Exit mobile version