രോഗമുക്തിക്ക് സമയമെടുക്കും, വായിക്കാനോ എഴുതാനോ കാണാനോ സാധിക്കാത്ത അവസ്ഥയില്‍; നേത്ര ശസ്ത്രക്രിയയ്ക്ക് വിധേയനായെന്ന് അമിതാഭ് ബച്ചന്‍

Amitabh Bachchan | Bignewslive

മുംബൈ: സങ്കീര്‍ണ്ണമായ നേത്രശസ്ത്രക്രിയയ്ക്ക് വിധേയനായതായി ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ സ്ഥിരീകരിച്ചു. രോഗമുക്തിക്ക് സമയമെടുക്കുമെന്ന് താരം പറയുന്നു. ഇപ്പോള്‍ ശരിക്ക് വായിക്കാനോ എഴുതാനോ കാണാനോ പറ്റാത്ത അവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ആരോഗ്യപ്രശ്‌നങ്ങളുണ്ട്, ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയാണ്, എഴുതാനാവുന്നില്ല…’ എന്ന് ശനിയാഴ്ച അദ്ദേഹം ബ്ലോഗില്‍ കുറിച്ചിരുന്നു. എന്താണ് അസുഖമെന്ന് ബച്ചന്‍ വെളിപ്പെടുത്തിയിരുന്നില്ല. ഇത് ആരാധകര്‍ക്കിടയിലും ചര്‍ച്ചയുണ്ടായിരുന്നു. പിന്നാലെയാണ് കണ്ണിനായിരുന്നു ശസ്ത്രക്രിയ എന്ന് അദ്ദേഹം തിങ്കളാഴ്ച വെളിപ്പെടുത്തിയത്. ഒരു കണ്ണില്‍ ശസ്ത്രക്രിയ കഴിഞ്ഞെന്നും മറ്റേ കണ്ണിലും ചെയ്യണമെന്നും അദ്ദേഹം അറിയിച്ചു.

നടന്‍ അജയ് ദേവഗണ്‍ സംവിധാനം ചെയ്യുന്ന മേയ് ഡേ എന്ന സിനിമയില്‍ ഹൈദരാബാദില്‍ അഭിനയിച്ചുകൊണ്ടിരിക്കേയാണ് അദ്ദേഹം ചികിത്സയ്ക്കായി മുംബൈയിലെത്തിയത്. വികാസ് ബാലിന്റെ സിനിമയാണ് അടുത്തത്. അതിന്റെ ചിത്രീകരണം തുടങ്ങും മുമ്പ് ആരോഗ്യം വീണ്ടെടുക്കാനാവുമെന്ന് ബച്ചന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

അമിതാഭ് ബച്ചന്റെ കുറിപ്പ്;

ഈ പ്രായത്തിലെ നേത്ര ശസ്ത്രക്രിയ സങ്കീര്‍ണമാണ്. അങ്ങേയറ്റം സൂക്ഷ്മത വേണ്ടതുമാണ്. അതുകൊണ്ടുതന്നെ പൂര്‍ണ രോഗമുക്തിക്ക് സമയമെടുക്കും. ശരിക്ക് കാണാനോ എഴുതാനോ വായിക്കാനോ പറ്റാത്ത അവസ്ഥയാണ്. എഴുതുന്നതില്‍ അക്ഷരത്തെറ്റുണ്ടാവും. വേറൊന്നും ചെയ്യാനാവാത്തതുകൊണ്ട് പാട്ടുകേട്ടും ചിന്തയില്‍ മുഴുകിയും സമയം കളയുകയാണ്. ഒട്ടും എളുപ്പമല്ല അത്.

Exit mobile version