‘സൂര്യ അര്‍പ്പണബോധമുള്ള കലാകാരന്‍, ലഭിക്കുന്ന കഥാപാത്രത്തെ വളരെ ആഴത്തില്‍ പോയി പഠിക്കുന്നു’; മോഹന്‍ലാല്‍

വലിയ അര്‍പ്പണബോധമുള്ള കലാകാരനാണ് സൂര്യയെന്ന് നടന്‍ മോഹന്‍ലാല്‍. കെവി ആനന്ദ് സംവിധാനം ചെയ്യുന്ന കാപ്പാന്റെ കേരള ലോഞ്ചിലാണ് സൂര്യയെ മോഹന്‍ലാല്‍ പ്രശംസിച്ചത്. സിനിമയ്ക്ക് വേണ്ടയുള്ള സൂര്യയുടെ കഠിനാധ്വാനത്തിന്റെ ഫലം അദ്ദേഹത്തിനു ലഭിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

22 വര്‍ഷങ്ങള്‍ കൊണ്ട് അദ്ദേഹം 37 സിനിമ ചെയ്തു. അദ്ദേഹം സിനിമകള്‍ക്കു വേണ്ടി നടത്തുന്ന തയ്യാറെടുപ്പുകള്‍ വളരെ വലുതാണ്. താന്‍ പോലും അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ സാധ്യതയില്ലെന്നും അദ്ദേഹം കഥാപാത്രത്തെ വളരെ ആഴത്തിലേക്ക് പോയി പഠിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. വലിയ അര്‍പ്പണബോധമുള്ള കലാകാരനാണ് സൂര്യ.

ഈ സിനിമയ്ക്ക് വേണ്ടി സൂര്യ ഒരു എസ്പിജി ഓഫീസറുടെ കൂടെ പോയി നിന്ന് കാര്യങ്ങള്‍ പഠിക്കുകയും ചെയ്തിരുന്നു. ആ കഠിനാധ്വാനത്തിന്റെ ഫലം അദ്ദേഹത്തിനു ലഭിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. മോഹന്‍ലാല്‍ തമിഴില്‍ അഭിനയിക്കുന്ന കാപ്പാനില്‍ സൂര്യയാണ് നായകന്‍.

ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തില്‍ സൂര്യയുടേത് എന്‍എസ്ജി കമാന്‍ഡോ കഥാപാത്രമാണ്. ബൊമാന്‍, ഇറാനി, ആര്യ എന്നിവര്‍ ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം സെപ്റ്റംബര്‍ 20നാണ് തിയേറ്ററുകളിലെത്തുക.

Exit mobile version