ഉഷ്ണരാശിയുടെ വിവർത്തനം ‘മാൻഹണ്ട്’ എംഎ യൂസഫലി പ്രകാശനം ചെയ്തു; പുന്നപ്ര-വയലാർ സമരം തീവ്രതയോടെ അടയാളപ്പെടുത്തിയ കൃതി

ഷാർജ: വയലാർ രാമവർമ്മ പുരസ്‌കാരം ലഭിച്ച കെവി മോഹൻകുമാർ ഐഎഎസിന്റെ ‘ഉഷ്ണരാശി-കരപ്പുറത്തിന്റെ ഇതിഹാസം’ എന്ന കൃതിയുടെ ഇംഗ്ലീഷ് വിവർത്തനമായ ‘മാൻഹണ്ട്’ ഷാർജയിൽ പ്രകാശനം ചെയ്തു. ഉഷ്ണരാശി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് മഞ്ജുള ചെർക്കിലാണ്.

പ്രവാസി വ്യവസായി എംഎ യൂസഫലി തിങ്കളാഴ്ച പ്രകാശനം ചെയ്ത പുസ്തകം ഡോ. സിദ്ധീഖ് അഹമ്മദ് ഏറ്റുവാങ്ങി. ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി ചെയർമാൻ ഡോ. റാഷിദ് അലിയും നാനാതുറകളിലെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു. കെവി മോഹൻകുമാർ കുടുംബസമേതമാണ് ചടങ്ങിനെത്തിയത്.

1946 ഒക്ടോബറിൽ പുന്നപ്ര-വയലാർ എന്നീ രണ്ട് കർഷക ഗ്രാമങ്ങളിൽ തൊഴിലാളികൾ നയിച്ച സമരത്തെ പശ്ചാത്തലമാക്കി രചിച്ച ഉഷ്ണരാശിക്ക് 2018ലെ വയലാർ പുരസ്‌കാരം ലഭിച്ചിരുന്നു. സമരകാലവും കീഴാള തൊഴിലാളികളുടെ സമര പങ്കാളിത്തവും ആഴത്തിൽ പ്രതിഫലിക്കുന്ന കൃതിയാണ് ഉഷ്ണരാശി. 1930കൾ മുതൽ 2013 വരെയുള്ള കേരളത്തിന്റെ സൂക്ഷ്മ രാഷ്ട്രീയവും നോവലിൽ വിശകലനം ചെയ്യുന്നുണ്ട്.

മൂന്ന് തരത്തിലുള്ള കഥാപാത്രങ്ങളാണ് നോവലിലുള്ളത്. ഒന്ന്, ചരിത്രത്തിന്റെ ഭാഗമായ കഥാപാത്രങ്ങൾ. രണ്ടാമത് ചരിത്രത്തിന്റെ ഭാഗമായിരുന്നു എന്ന് നമ്മൾ സങ്കൽപ്പിക്കുന്ന കഥാപാത്രങ്ങൾ. പൂർണ്ണമായും സാങ്കൽപികമായ കഥാപാത്രങ്ങളാണ് മൂന്നാമത്തെ വിഭാഗം. കഥയെ നയിക്കുന്ന അപരാജിത, ദിശ, നിരജ്ഞൻ, വാസുദേവൻമാഷ് ഇവരെല്ലാം പൂർണമായും സാങ്കൽപികമാണ്.

ഇതുവരെയും ഒരിക്കൽ പോലും ഒരു ബ്രഹദ് രചനയ്ക്ക് പശ്ചാത്തലമാകാതെ പോയ പുന്നപ്ര-വയലാർ ചരിത്രം വിശദമായി തന്നെ ഈ കൃതി വരച്ചിടുന്നുണ്ട്. വാരിക്കുന്തവുമേന്തിചെന്ന് പട്ടാളത്തിന്റെ തോക്കിന് മുന്നിൽ വെടിയേറ്റ് പിടഞ്ഞു വീണ അനേകം പേരുടെ കഥയാണ് ഉഷ്ണരാശി പറയുന്നത്.

Exit mobile version