വി മധുസൂദനൻ നായർക്കും ശശി തരൂരിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

ന്യൂഡൽഹി: കവി വി മധുസൂദനൻ നായർക്കും ശശി തരൂർ എംപിക്കും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. ‘അച്ഛൻ പിറന്ന വീട്’ എന്ന കാവ്യത്തിനാണ് മധുസൂദനൻ പുരസ്‌കാരത്തിന് അർഹനായത്. ഇംഗ്ലീഷ് വിഭാഗത്തിൽ ‘ആൻ ഇറ ഓഫ് ഡാർക്ക്നസ്’ എന്ന നോൺ ഫിക്ഷൻ പുസ്തകത്തിനാണ് ശശി തരൂർ എംപിക്ക് പുരസ്‌കാരം. ഡോ. ചന്ദ്രമതി, എൻഎസ് മാധവൻ, പ്രൊഫ. എം തോമസ് മാത്യു എന്നിവരടങ്ങിയ ജൂറിയാണ് മലയാളവിഭാഗത്തിൽ പുരസ്‌കാരം നിശ്ചയിച്ചത്.

ഡോ. ജിഎൻ ദേവി, പ്രൊഫ. കെ സച്ചിദാനന്ദൻ, പ്രൊഫ. സുഗന്ധ ചൗധരി എന്നിവരടങ്ങിയ ജൂറിയാണ് ശശി തരൂരിന്റെ കൃതി തിരഞ്ഞെടുത്തത്. 23 ഭാഷകളിലെ പുരസ്‌കാരമാണ് സാഹിത്യ അക്കാദമി പ്രഖ്യാപിച്ചത്. നന്ദ കിഷോർ ആചാര്യ (ഹിന്ദി), ചോ. ദർമൻ (തമിഴ്), ബണ്ടി നാരായണ സ്വാമി (തെലുങ്ക്), ചിന്മോയ് ഗുഹ (ബംഗാളി) തുടങ്ങിയവരും പുരസ്‌കാരത്തിന് അർഹരായി.

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡൽഹിയിൽ നടക്കുന്ന സാഹിത്യ അക്കാദമി അക്ഷരോത്സവത്തോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങിൽ വെച്ച് ഫെബ്രുവരി 25ന് പുരസ്‌കാരങ്ങൾ സമ്മാനിക്കും.

Exit mobile version