ഇന്ത്യയെ പിടിച്ചുകെട്ടി അഫ്ഗാന്‍; വിജയലക്ഷ്യം 225 റണ്‍സ്

സതാംപ്ടണ്‍: ലോകകപ്പിലെ അഞ്ചാം മത്സരത്തില്‍ അഫ്ഗാന്‍ ബാറ്റിംഗിന് മുന്നില്‍ പതറി ഇന്ത്യന്‍ ബാറ്റിംഗ്. നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുക്കാനേ ഇന്ത്യയ്ക്ക് സാധിച്ചുള്ളൂ.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് തുടക്കം തിരിച്ചടിയുടേതായിരുന്നു. സ്‌കോര്‍ ഏഴില്‍ നില്‍ക്കെ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. കഴിഞ്ഞ മത്സരങ്ങളിലെല്ലാം മിന്നുന്ന പ്രകടനം നടത്തിയ രോഹിത് ശര്‍മയെ വെറും ഒരു റണ്‍സിന് മുജീബ് ബൗള്‍ഡാക്കി. തുടര്‍ന്ന് കെഎല്‍ രാഹുലും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി. സ്‌കോര്‍ 62-ല്‍ നില്‍ക്കെ 30 റണ്‍സെടുത്ത രാഹുലിനെ നബി പുറത്താക്കി.

പിന്നീട് കോഹ്ലിക്ക് കൂട്ടായി വിജയ് ശങ്കറെത്തി. ഇരുവരും ചേര്‍ന്ന് വളരെ പതിയെയാണ് സ്‌കോര്‍ ഉയര്‍ത്തിയത്. സ്‌കോര്‍ 122-ല്‍ നില്‍ക്കെ 29 റണ്‍സെടുത്ത ശങ്കര്‍ പുറത്തായി. റഹ്മത്ത് ഷായ്ക്കായിരുന്നു വിക്കറ്റ്. അധികം വൈകാതെ തന്നെ കോഹ്ലിയും മടങ്ങി. 67 റണ്‍സെടുത്ത കോഹ്ലിയേയും നബിയാണ് പുറത്താക്കിയത്. തുടര്‍ന്ന് മഹേന്ദ്ര സിങ് ധോണിയും ഹര്‍ദിക് പാണ്ഡ്യയും വന്നെങ്കിലും കാര്യമായി സ്‌കോര്‍ ഉയര്‍ത്താനായില്ല. 28 റണ്‍സെടുത്ത ധോണിയെ റാഷിദ് ഖാനും, ഏഴ് റണ്‍സെടുത്ത പാണ്ഡ്യയെ അഫ്താബ് ആലവും പുറത്താക്കി.

ഒരു വശത്ത് പിടിച്ചുനിന്ന കേദാര്‍ ജാദവ് 52 റണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ ഗുല്‍ബാദിന്‍ നെയിബിനായിരുന്നു വിക്കറ്റ്. ഇന്നിംഗ്‌സിന്റെ അവസാന ഓവറില്‍ ജാദവിന് പുറമെ മുഹമ്മദ് ഷമിയുടെ വിക്കറ്റും നൈബ് വീഴ്ത്തി.

ജസ്പ്രീത് ബൂമ്രയും മുഹമ്മദ് ഷമിയും അടങ്ങുന്ന പേസ് നിരയും കുല്‍ദീപും ചാഹലും അടങ്ങുന്ന സ്പിന്‍ നിരയും മികച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കില്‍ ഇന്ത്യക്ക് ലോകകപ്പിലെ ആദ്യ തോല്‍വിയാകും ഏറ്റുവാങ്ങേണ്ടി വരിക.

Exit mobile version