അവസാന പന്തുവരെ പൊരുതിയിട്ടും കരിയര്‍ ബെസ്റ്റ് വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചിട്ടും കോഹ്‌ലിക്ക് മുന്നില്‍ കാലുതെറ്റി ധോണി; ആരാധകര്‍ക്ക് നിരാശ

മറുപടി ബാറ്റിങില്‍ ചെന്നൈ നായകന്‍ എംഎസ് ധോണി ബാംഗ്ലൂരിനെതിരെ വിജയിക്കാനായി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തിട്ടും രക്ഷയുണ്ടായില്ല.

ബാംഗ്ലൂര്‍: അവസാന പന്തുവരെ പൊരുതിയിട്ടും എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വിരാട് കോഹ്‌ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ മറികടക്കാനായില്ല. ഒടുവില്‍ ഒരു റണ്‍സിന് ചെന്നൈ ബാംഗ്ലൂരിന് മുന്നില്‍ കീഴടങ്ങി. അവസാന പന്ത് വരെ ത്രസിപ്പിച്ച മത്സരത്തില്‍ 162 റണ്‍സാണ് ബാഗ്ലൂര്‍ ചെന്നൈയ്ക്ക് മുന്നില്‍ ഉയര്‍ത്തിയത്. മറുപടി ബാറ്റിങില്‍ ചെന്നൈ നായകന്‍ എംഎസ് ധോണി ബാംഗ്ലൂരിനെതിരെ വിജയിക്കാനായി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തിട്ടും രക്ഷയുണ്ടായില്ല. ഒമ്പത് റണ്‍സ് മാത്രമെ കോഹ്‌ലി മത്സരത്തില്‍ നേടിയുള്ളൂ. എങ്കിലും ഭാഗ്യം കോഹ്‌ലിപ്പടയ്ക്ക് ഒപ്പം നിന്നു. ഒടുവില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സിന് ചെന്നൈയുടെ പോരാട്ടം അവസാനിക്കുകയായിരുന്നു. ഒരുഘട്ടത്തില്‍ നാലിന് 28 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ചെന്നൈയെ മല്‍സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ധോണിയുടെ ഒറ്റയാള്‍ പോരാട്ടമാണ്. ധോണി പുറത്താവാതെ 48 പന്തില്‍ 84 റണ്‍സെടുത്തു. ഏഴ് സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതാണ് ധോണിയുടെ ഇന്നിങ്‌സ്.

എന്നാല്‍ ധോണിക്ക് മികച്ച പിന്തുണ നല്‍കാന്‍ ചെന്നൈ നിരയില്‍ ആര്‍ക്കുമായില്ല. റായുഡു (29), ജഡേജ (11) എന്നിവരും പരാജയമായിരുന്നു. മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്കാര്‍ക്കും തിളങ്ങാനായില്ല. ബാംഗ്ലൂരുവിനായി സ്റ്റെയിനും ഉമേഷ് യാദവും രണ്ടും ചഹലും സെയ്‌നിയും ഒരോ വിക്കറ്റു വീതവും വീഴ്ത്തി.

ടോസ് നഷ്ടമായി ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂര്‍, നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സാണ് നേടിയത്. 37 പന്തില്‍ 53 റണ്‍സ് നേടിയ പാര്‍ത്ഥിവ് പട്ടേല്‍ ആണ് ബാംഗ്ലൂര്‍ നിരയിലെ ടോപ് സ്‌കോറര്‍. കഴിഞ്ഞ മല്‍സരത്തില്‍ സെഞ്ചുറി നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഇത്തവണ പരാജയമായി. 19 പന്തില്‍ 25 റണ്‍സ് നേടി എബി ഡിവില്ലേഴ്‌സും 24 റണ്‍സുമായി അക്ഷദീപ് നാഥും 16 പന്തില്‍ 26 റണ്‍സുമായി മൊയിന്‍ അലിയും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ചെന്നൈയ്ക്കായി രവീന്ദ്ര ജഡേജ, ചാഹര്‍, ബ്രാവോ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഇമ്രാന്‍ താഹിര്‍ ഒരു വിക്കറ്റും.

Exit mobile version