ഇന്ത്യന്‍ ക്രിക്കറ്റിനോട് ധോണിയോളം പ്രതിബദ്ധതയുള്ള താരം വേറെയില്ല; ബാറ്റിങില്‍ അഞ്ചാം സ്ഥാനം ധോണിക്ക് യോജിച്ചതെന്നും കോഹ്‌ലി

മുന്‍നായകനും വിക്കറ്റ്കീപ്പറുമായ മഹേന്ദ്ര സിങ് ധോണിയെ വാനോളം വാഴ്ത്തി നായകന്‍ വിരാട് കോഹ്‌ലി.

മെല്‍ബണ്‍: മുന്‍നായകനും വിക്കറ്റ്കീപ്പറുമായ മഹേന്ദ്ര സിങ് ധോണിയെ വാനോളം വാഴ്ത്തി നായകന്‍ വിരാട് കോഹ്‌ലി. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെയായിരുന്നു കോഹ്‌ലിയുടെ പ്രതികരണം. ഇന്ത്യന്‍ ക്രിക്കറ്റിനോട് മഹേന്ദ്രസിങ് ധോണിയോളം പ്രതിബദ്ധതയും ആത്മാര്‍ഥതയും പുലര്‍ത്തുന്ന താരങ്ങള്‍ വേറെയില്ലെന്ന് കോഹ്ലി പറഞ്ഞു.

ബാറ്റിങ്ങില്‍ അഞ്ചാം നമ്പര്‍ സ്ഥാനമാണ് ധോണിക്ക് ഏറ്റവും യോജിച്ചതെന്നും കോഹ്ലി അഭിപ്രായപ്പെട്ടു. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ധോണി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി കോഹ്ലി രംഗത്തെത്തിയത്. ധോണി മികച്ച ഫോമിലേക്കു മടങ്ങിയെത്തിയതില്‍ ടീം ഏറെ സന്തോഷിക്കുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ അധികം മത്സരം കളിക്കാത്ത സാഹചര്യത്തില്‍ താളവും ആത്മവിശ്വാസവും വീണ്ടെടുക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും നായകന്‍ പറഞ്ഞു.

‘പുറത്ത് പലതും സംഭവിക്കും. വിമര്‍ശകര്‍ പലതും പറഞ്ഞുകൊണ്ടിരിക്കും. ഏറെ ബുദ്ധിമാനായ ക്രിക്കറ്റ് കളിക്കാരനാണദ്ദേഹം. ടീം തന്നില്‍ നിന്നു പ്രതീക്ഷിക്കുന്നതെന്തെന്ന് നന്നായറിയാവുന്നയാള്‍. അദ്ദേഹത്തിന് ടീമിന്റെ മുഴുവന്‍ പൂര്‍ണ പിന്തുണയുമുണ്ട്.’

2016ല്‍ ധോണി കുറച്ചുകാലം നാലാം നമ്പര്‍ സ്ഥാനത്തു ബാറ്റു ചെയ്തിരുന്നു. അതിനുശേഷം ടീമിനുവേണ്ടി അഞ്ചാമതോ ആറാമതോ ബാറ്റിങ്ങിന് ഇറങ്ങുന്നതില്‍ ധോണി ഒരു മടിയും കാട്ടിയിട്ടില്ല. അഡ്ലെയ്ഡിലും മെല്‍ബണിലും ധോണി ബാറ്റു ചെയ്തത് കണ്ടാലറിയാം, ഇതാണ് അദ്ദേഹത്തിന് ഏറ്റവും യോജിച്ച സ്ഥാനം എന്ന് . സമയമെടുത്ത് നിലയുറപ്പിക്കാനും ആക്രമണോത്സുക ബാറ്റിങ്ങിലൂടെ മത്സരം ഫിനിഷ് ചെയ്യാനും അദ്ദേഹത്തിനു കഴിയും’.

‘പ്രവചനാതീതം എന്നതാണ് ഈ വര്‍ഷത്തെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ കരുത്ത്. മുന്‍പുള്ള ടീമുകളില്‍ ഓരോരുത്തര്‍ക്കും കൃത്യമായ സ്ഥാനമുണ്ടായിരുന്നു. മൂന്നാം നമ്പറില്‍ ആര്, നാലാം നമ്പറില്‍ ആര് എന്നിങ്ങനെ. ഈ ടീമില്‍ സാഹചര്യമനുസരിച്ച് വേണ്ട മാറ്റങ്ങളുണ്ടാവും. ഏതു സ്ഥാനത്തിറങ്ങുന്നയാളും ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിക്കാന്‍ പ്രാപ്തനാണ്.’ കോഹ്‌ലി പറയുന്നു.

Exit mobile version