പേരിലെ സിറിയ പൊല്ലാപ്പായി; കാത്തലിക് സിറിയന്‍ ബാങ്ക് ഇനി ‘സിഎസ്ബി’ മാത്രം

കോട്ടയം: പേരിലെ സിറിയ ആകെ പൊല്ലാപ്പായതോടെ പേരുമാറ്റാന്‍ അനുവദിക്കണമെന്ന അപേക്ഷയുമായി റിസര്‍വ് ബാങ്കിനെ സമീപിച്ചിരിക്കുകയാണ് കാത്തലിക് സിറിയന്‍ ബാങ്ക്. വിദേശത്ത് നിന്നടക്കമുള്ള നിക്ഷേപങ്ങള്‍ക്കും പണമിടപാടുകള്‍ ക്കും പേരിലെ ‘സിറിയ’ പ്രതിസന്ധിയായതോടെയാണ് അധികൃതര്‍ പേരുമാറ്റാന്‍ നിര്‍ബന്ധിതരായത്. പേരില്‍ സിറിയന്‍ എന്ന് പേരില്‍ കണ്ടതോടെ സിറിയയില്‍ നിന്നുള്ള ഏതോ ബാങ്കാണെന്നും ഭീകരവാദികളുമായി ബന്ധമുണ്ടെന്നുമൊക്കെ ഉള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് കാത്തലിക് സിറിയന്‍ ബാങ്ക് ‘സിഎസ്ബി’ ആയി ചുരുങ്ങിയിരിക്കുന്നത്.പേരിലെ സിറിയ കാരണം വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് ബാങ്കില്‍ നിക്ഷേപം നടത്തുന്നതിനും പ്രതിസന്ധി നേരിട്ടു. വിദേശ ബാങ്കുകളാണ് ആദ്യം ഈ സംശയം ഉയര്‍ത്തിയത്.

ബാങ്കിന്റെ പ്രധാന നിക്ഷേപങ്ങളെല്ലാം വിദേശ ഇന്ത്യാക്കാരില്‍ നിന്നായത് കൊണ്ട് 2015 ല്‍ തന്നെ പേര് മാറ്റത്തിന് ആര്‍ബിഐയെ സമീപിച്ചിരുന്നെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു. പേരിലെ പ്രശ്‌നം കാരണം വിദേശത്തേക്ക് കയറ്റുമതി- ഇറക്കുമതി നടത്തുന്ന ചില വ്യവസായികള്‍ക്കും ബുദ്ധിമുട്ടുണ്ടായി. സിറിയയില്‍ നിന്നുള്ള പണമിടപാടുകള്‍ക്ക് കടുത്ത നിയന്ത്രണമാണ് പല വിദേശരാജ്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിലവിലെ രാജ്യാന്തര സാഹചര്യങ്ങള്‍ പരിഗണിച്ചതോടെ പേര് മാറാന്‍ ആര്‍ബിഐ സമ്മതം മൂളി. ഇതോടെ കഴിഞ്ഞ മാസം പത്താം തീയതി മുതല്‍ സിഎസ്ബി എന്നാണ് അറിയപ്പെടുന്നത്.

Exit mobile version