സ്വര്‍ണ്ണവില കുതിച്ചുയരുന്നു! പവന് 200 രൂപ കൂടി

ആഗോളവിപണിയിലെ വിലക്കയറ്റമാണ് ഇവിടെയും പ്രതിഫലിച്ചത്.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണ വില വീണ്ടും കൂടി. ഇന്ന് പവന് 200 രൂപ കൂടി 24720 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 3090 രൂപയാണ് ഇന്നത്തെ നിരക്ക്. ആഗോളവിപണിയിലെ വിലക്കയറ്റമാണ് ഇവിടെയും പ്രതിഫലിച്ചത്.

അന്താരാഷ്ട്രവിപണിയില്‍ 31 ഗ്രാം ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 1319 ഡോളറാണ് ഇന്നത്തെ നിരക്ക്. ഡോളറിനെതിരെ രൂപയുടെ മൂല്യമിടിയുന്നതും സ്വര്‍ണ്ണവില വര്‍ധിക്കാന്‍ കാരണമാകുന്നു. 71 രൂപയ്ക്ക് മുകളിലാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡോളറിനെതിരെ രൂപയുടെ മൂല്യം. അതോടൊപ്പം രാജ്യത്തെ സ്വര്‍ണ്ണ ഇറക്കുമതിയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

മുന്‍ വര്‍ഷങ്ങളില്‍ 1000 ടണ്‍ വരെ ഇറക്കുമതിയുണ്ടായിരുന്ന സ്വര്‍ണ്ണം ഇപ്പോള്‍ 750 മുതല്‍ 800 ടണ്‍ വരെ ആയി കുറഞ്ഞിട്ടുണ്ട്. പ്രാദേശിക വിപണിയില്‍ തങ്കക്കട്ടിയുടെ ലഭ്യതയ്ക്കാണ് ഇതോടെ കുറവ് വന്നത്. ഈ വര്‍ഷം അവസാനത്തോടെ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില 1400 ഡോളര്‍ കടക്കുമെന്നാണ് പ്രവചനം.

Exit mobile version