ഓഡോമീറ്ററില്‍ തട്ടിപ്പ് നടത്തി കാര്‍ വിറ്റു : ഡീലര്‍ക്ക് 29 കോടി രൂപ പിഴയും 5 വര്‍ഷം തടവും വിധിച്ച് അമേരിക്കന്‍ കോടതി

Odometer fraud | Bignewslive

ന്യൂയോര്‍ക്ക് : ഓഡോമീറ്ററില്‍ കൃത്രിമത്വം കാട്ടി കാര്‍ വിറ്റ ഡീലര്‍ക്ക് 4 ദശലക്ഷം ഡോളര്‍ (29 കോടി രൂപ) പിഴയും 5 വര്‍ഷം തടവും വിധിച്ച് അമേരിക്കന്‍ കോടതി. ഷാമുല്‍ ഗാലി എന്നയാള്‍ക്കാണ് ബ്രൂക്‌ലിന്‍ കോടതി ശിക്ഷ വിധിച്ചത്.

ഗാലിയും സഹോദരനും ചേര്‍ന്ന് 2006 മുതല്‍ 2011 വരെയുള്ള കാലയളവില്‍ കിലോമീറ്റര്‍ കുറച്ചുകാട്ടാന്‍ വേണ്ടി 690ഓളം വാഹനങ്ങളുടെ ഓഡോമീറ്ററില്‍ കൃത്രിമത്വം കാട്ടി എന്നാണ് കേസ്. അമേരിക്കയുടെ പല ഭാഗങ്ങളില്‍ നിന്ന് വ്യാജ ഡീലര്‍ഷിപ്പിന്റെ പേരുകളില്‍ സ്വന്തമാക്കിയ കാറുകളിലാണ് തട്ടിപ്പ് നടത്തിക്കൊണ്ടിരുന്നത്.ഇല്ലിനോയിസ്, മേരിലാന്‍ഡ്, ഫ്‌ളോറിഡ എന്നിവിടങ്ങളില്‍ നിന്നൊക്കെ വ്യാജ രേഖകള്‍ ഉപയോഗിച്ച് കാറുകള്‍ വാങ്ങി ന്യൂ ജഴ്‌സിയിലും പെന്നിസല്‍വേനിയയിലുമായിരുന്നു വിറ്റിരുന്നത്.

കൂടുതല്‍ കിലോമീറ്ററുകള്‍ ഓടിയ കാറുകള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങി ഓഡോമീറ്ററില്‍ കിലോമീറ്റര്‍ കുറച്ച് കാണിച്ച് ഉയര്‍ന്ന വിലയ്ക്കായിരുന്നു ഇവര്‍ വിറ്റു കൊണ്ടിരുന്നത്. 69,000 മൈലുകള്‍ വരെ ആണ് മിക്കവാറും കുറച്ച് കാണിച്ചിരുന്നത്. അനലോഗ് ഓഡോമീറ്ററുകള്‍ കൂടാതെ ഡിജിറ്റല്‍ മീറ്ററിലും ഇവര്‍ കൃത്രിമത്വം കാട്ടിയിരുന്നു. വാഹനത്തിന്റെ ശരിയായ കിലോമീറ്റര്‍ അറിയിക്കാതെ ഉയര്‍ന്ന വിലയ്ക്ക് വാഹനം വിറ്റ് ഉപഭോക്താക്കളെ കബളിപ്പിച്ചു എന്നതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.

Exit mobile version