ആര്‍ച്ചി രാജകുമാരന്റെ ജ്ഞാനസ്‌നാനവും ഒന്നരനൂറ്റാണ്ട് മുമ്പത്തെ രാജകീയ ഗൗണില്‍

ബക്കിങ്ഹാം: കുഞ്ഞ് രാജകുമാരന്റെ ജ്ഞാനസ്‌നാനത്തിനൊരുങ്ങി ബക്കിങ്ഹാം കൊട്ടാരം. ഹാരി രാജകുമാരന്റെയും മേഗന്‍ മാര്‍ക്കിളിന്റെയും മകന്‍ ആര്‍ച്ചി രാജകുമാരന്റെ ജ്ഞാനസ്‌നാനം ജൂലൈ മാസം നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.

വിന്റ്‌സറിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ വച്ചായിരിക്കും ചടങ്ങ് നടത്തുക. മെയ് ആറിനായിരുന്നു ഹാരി -മേഗന്‍ ദമ്പതികള്‍ക്ക് ആര്‍ച്ചി രാജകുമാരന്‍ ജനിച്ചത്. ആര്‍ച്ചി ഹാരിസണ്‍ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്സര്‍ എന്നാണ് മുഴുവന്‍ പേര്.

എന്നാല്‍ മാറ്റിവയ്ക്കാന്‍ സാധിക്കാത്ത ചില ചുമതലകള്‍ ഉള്ളതു കൊണ്ട് എലിസബത്ത് രാജ്ഞി ചടങ്ങില്‍ പങ്കെടുക്കില്ലെന്ന സൂചനയുമുണ്ട്. കഴിഞ്ഞ വര്‍ഷം വില്യം രാജകുമാരന്റെയും ഭാര്യ കേറ്റ് മിഡില്‍ടണിന്റെയും മൂന്നാമത്തെ കുഞ്ഞ് ലൂയിസ് രാജകുമാരന്റെ ജ്ഞാനസ്‌നാന ചടങ്ങിലും രാജ്ഞി പങ്കെടുത്തിരുന്നില്ല. വളരെ സ്വകാര്യമായി നടത്തുന്ന ചടങ്ങില്‍ കൊട്ടാരവുമായി ഏറ്റവും അടുത്തു നില്‍ക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക.

ആര്‍ച്ചിയുടെ പിതാവ് ഹാരി മൂന്നു മാസം പ്രായമുള്ളപ്പോള്‍ 1984 ലാണ് ജ്ഞാനസ്‌നാനപ്പെട്ടത്. ഹോണിറ്റണ്‍ ലെയ്‌സ് കൊണ്ട് 1841 ല്‍ തുന്നിയ ഗൗണായിരുന്നു ഹാരി അന്ന് ധരിച്ചിരുന്നത്. ഇതേ ഗൗണ്‍ തന്നെയായിരിക്കും ആര്‍ച്ചിയുടെ ജ്ഞാനസ്‌നാന ചടങ്ങിനും ഉപയോഗിക്കുക.

ബെക്കിങ് ഹാം പാലസിലെ 62 കുട്ടികളാണ് ഈ ഗൗണ്‍ ധരിച്ച് ജ്ഞാനാസ്‌നാനം സ്വീകരിച്ചിരിക്കുന്നത്. വില്യം രാജകുമാരന്റെ മക്കളായ ലൂയിസ് രാജകുമാരനും ജോര്‍ജ് രാജകുമാരനും ഷാര്‍ലെറ്റ് രാജകുമാരിയും ഈ ഗൗണ്‍ ധരിച്ചാണ് ജ്ഞാനസ്‌നാനം സ്വീകരിച്ചത്. വിക്ടോറിയ രാഞ്ജിയുടെ കാലത്താണ് ഗൗണ്‍ ആദ്യമായി ഉപയോഗിച്ചത്.

Exit mobile version