ഈസ്റ്റര്‍ ദിനത്തിലെ സ്‌ഫോടന പരമ്പര: സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് ശ്രീലങ്കന്‍ പ്രതിരോധ സെക്രട്ടറി രാജിവച്ചു

കൊളംബോ: ഈസ്റ്റര്‍ ദിനത്തിലെ മുന്നൂറോളം പേര്‍ കൊല്ലപ്പെട്ട സ്‌ഫോടന പരമ്പരയെ തുടര്‍ന്ന് ശ്രീലങ്കന്‍ പ്രതിരോധ സെക്രട്ടറി ഹേമാസിരി ഫെര്‍ണാന്‍ഡോ രാജിവച്ചു. പ്രസിഡന്റ് മൈത്രിപാല സിരിസേന, വന്‍ സുരക്ഷാ വീഴ്ച ആരോപിക്കപ്പെട്ട സ്‌ഫോടനത്തെ തുടര്‍ന്ന് ഹേമാസിരി ഫെര്‍ണാന്‍ഡോയോട് രാജി ആവശ്യപ്പെട്ടിരുന്നു. പോലീസ് മേധാവി ജനറല്‍ പുജിത് ജയസുന്ദരയോടും രാജി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്റലിജന്‍സ് മുന്നറിയിപ്പ് അവഗണിച്ചതാണ് ഇത്രയും വലിയ അപകടം നടക്കാന്‍ കാരണമെന്ന് സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രസിഡന്റിന്റെ നടപടി.

പള്ളിയിലും ഹോട്ടലുകളിലുമായി നടന്ന ചാവേര്‍ ബോംബ് സ്‌ഫോടനങ്ങളില്‍ 360 പേരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പരിശോധനകളും അറസ്റ്റും ഇപ്പോഴും തുടരുകയാണ്. നാഷണല്‍ തൗഫിക് ജമാത് എന്ന സംഘടനയാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

അതേസമയം, ശ്രീലങ്ക സ്‌ഫോടനക്കേസ് സൂത്രധാരന് ഇന്ത്യയിലും അനുയായികള്‍. കോയമ്പത്തൂര്‍ ജയിലിലുള്ള ഐഎസ്. കേസ് പ്രതികളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ഇന്ത്യ ശ്രീലങ്കയ്ക്ക് കൈമാറിയിരുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ നാഷണല്‍ തൗഫിക് ജമാത് തലവന്‍ പദ്ധതിയിട്ടിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു വന്ന എന്‍ഐഎയുടെ നോട്ടപ്പുള്ളികളായിരുന്നു നാഷണല്‍ തൗഹിത് ജമാത് എന്ന എന്‍ടിജെ പ്രവര്‍ത്തകര്‍. ഐസിസ് ബന്ധത്തില്‍ അറസ്റ്റിലായ ഇന്ത്യക്കാരില്‍ നിന്നാണ് എന്‍ടിജെ തലവന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചത്.

കോയമ്പത്തൂര്‍ ജയിലിലുള്ള ഇവരുടെ പിടികൂടുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് അടക്കം റെയ്ഡുകള്‍ നടന്നിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് എന്‍ഐഎ ശ്രീലങ്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയത്. താന്‍ പരിശീലനം നല്‍കിയവരില്‍ ശ്രീലങ്കയില്‍ നിന്നുള്ള സഹറാന്‍ മുഹമ്മദമുണ്ടെന്നായിരുന്നു ഒരു ഐസിസ് പ്രവര്‍ത്തകന്‍ എന്‍ഐഎയോട് വെളിപ്പെടുത്തിയത്. ഇതേ തുടര്‍ന്നാണ് എന്‍ടിജെയ്ക്ക് മേല്‍ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയത്.

ശ്രീലങ്കയില്‍ ഇയാളുടെ നേതൃത്വത്തില്‍ വന്‍ ആക്രമണപദ്ധതികള്‍ തയാറാവുനന്നെന്ന് ഏപ്രില്‍ 11 ന് കൈമാറിയ രഹസ്യാന്വേഷണ രേഖ വ്യക്തമാക്കുന്നു. ചാവേറുകളുടേതെന്ന പേരില്‍ അമാഖ് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട ദൃശ്യങ്ങളില്‍ മുഖം മറയ്ക്കാത്ത ഭീകരന്‍ മുഹമ്മദ് സഹറാന്‍ എന്ന സഹറന്‍ ഹാഷിം ആണെന്ന് ശ്രീലങ്കന്‍ പോലീസ് തിരിച്ചറിഞ്ഞു.

ഒരു സ്ത്രീയുള്‍പ്പെടെ 9 ഭീകരരാണ് ശ്രീലങ്കയില്‍ ആക്രമണം നടത്തിയത്. 360 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനപരമ്പരയുടെ പശ്ചാത്തലത്തില്‍ പോലീസ് മേധാവി ജനറല്‍ പുജിത് ജയസുന്ദര, പ്രതിരോധ സെക്രട്ടറി ഹേമാസിരി ഫെര്‍ണാന്‍ഡോ, എന്നിവരോട് രാജി വയ്ക്കാന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന ആവശ്യപ്പെട്ടു.

Exit mobile version