മകള്‍ക്ക് ഗര്‍ഭപാത്രമില്ല, പേരക്കുട്ടിക്ക് ജന്മം നല്‍കി 55കാരിയായ മുത്തശ്ശി

ഈ രോഗമുള്ള സ്ത്രീകളുടെ യോനിയും ഗര്‍ഭപാത്രവും വളര്‍ച്ചയെത്താത്ത അവസ്ഥയിലായിരിക്കും

ജന്മനാ ഗര്‍ഭപാത്രം ഇല്ലാത്ത തന്റെ മകളുടെ കുഞ്ഞിന് ജന്മം നല്‍കി 55കാരിയായ എമ്മ മെല്‍സ്. വെയില്‍സിലാണ് സംഭവം. എമ്മയുടെ 31 വയസുകാരിയായ മകള്‍ ട്രെസി സ്മിത്ത് ഗര്‍ഭപാത്രമില്ലാതെയാണ് ജനിച്ചത്. മകളുടെയും ഭര്‍ത്താവ് ആദമിന്റെയും ആഗ്രഹമായിരുന്നു ഒരു കുഞ്ഞ് വേണമെന്നുള്ളത്.

ഒടുവില്‍ എമ്മയ്ക്ക് വാടക ഗര്‍ഭധാരണത്തിനുള്ള ആരോഗ്യം ഉണ്ട് എന്ന് കണ്ടെത്തിയതോടെ ഐവിഎഫ് ചികിത്സ നടത്തി. ആണ്‍ കുഞ്ഞാണ് പിറന്നിരിക്കുന്നത്. 15 വയസിന് ശേഷവും മകള്‍ക്ക് ആര്‍ത്തവം ഉണ്ടാവാത്തതിനെത്തുടര്‍ന്ന് ഡോക്ടറെ സമീപിക്കുകയായിരുന്നു. വിശദമായ പരിശോധനയില്‍ പ്രിയപ്പെട്ട മകള്‍ക്ക് ഗര്‍ഭപാത്രം ഇല്ല എന്ന് കണ്ടെത്തുകയായിരുന്നു. അതേസമയം അവള്‍ക്ക് ഫലോപിയന്‍ ട്യൂബും ഓവറിയും ഉണ്ടായിരുന്നു.

ഈ രോഗമുള്ള സ്ത്രീകളുടെ യോനിയും ഗര്‍ഭപാത്രവും വളര്‍ച്ചയെത്താത്ത അവസ്ഥയിലായിരിക്കും. അതേസമയം ജനനേന്ദ്രിയം സ്വാഭാവികമായ രീതിയിലായിരിക്കും. എന്നാല്‍ ഇവര്‍ക്ക് ഒരിക്കലും അമ്മയാകാന്‍ സാധിക്കില്ല. സ്ത്രീകളുടെ പ്രത്യുല്‍പ്പാദന വ്യവസ്ഥയെ ബാധിക്കുന്ന രോഗമാണ് തനിക്കെന്ന് തിരിച്ചറിഞ്ഞതോടെ ട്രെസി തകര്‍ന്നു പോയി.

എന്നാല്‍ അപ്പോള്‍ എമ്മ പേരക്കുട്ടിക്ക് താന്‍ ജന്മം നല്‍കാം എന്ന് മകള്‍ക്ക് വാഗ്ദാനം നല്‍കി. അതാണ് വര്‍ഷങ്ങള്‍ക്കിപ്പുറം എമ്മ നടത്തിക്കൊടുത്തിരിക്കുന്നത്. 2016 ലായിരുന്നു ട്രെസിയുടെയും ആദത്തിന്റെയും വിവാഹം. ഡെയ്‌ലി മെയിലാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Exit mobile version