യാത്രയ്ക്കിടയില്‍ പ്രസവ വേദന: യുവതി ബസിനുള്ളില്‍ പ്രസവിച്ചു, അമ്മയെയും കുഞ്ഞിനും സൗകര്യമൊരുക്കി കണ്ടക്ടര്

ബംഗളൂരു: യാത്രയ്ക്കിടയില്‍ ബസില്‍ വെച്ച് പ്രസവ വേദന, യുവതി ബസിനുള്ളില്‍ പ്രസവിച്ചു. ബംഗളൂരുവില്‍ നിന്ന് ചിക്കമംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. 22കാരിയായ ഫാത്തിമയാണ് ബസില്‍ പ്രസവിച്ചത്.

യാത്രയ്ക്കിടയില്‍ ബസില്‍ വെച്ച് പ്രസവ വേദന ആരംഭിച്ചു. യാത്രക്കാരും ബസ് ജീവനക്കാരും എന്ത് ചെയ്യണം എന്നറിയാതെ ആദ്യമൊന്ന് ആശങ്കപ്പെട്ടെങ്കിലും വനിതാ ബസ് കണ്ടക്ടര്‍ സഹായത്തിനെത്തിയതോടെ ഫാത്തിമ പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

ഫാത്തിമയ്ക്ക് പ്രസവവേദനയാണെന്ന് തിരിച്ചറിഞ്ഞതോടെ ബസ് നിര്‍ത്താന്‍ ഡ്രൈവറിനോട് കണ്ടക്ടറായ വസന്തമ്മ നിര്‍ദേശിച്ചു. പിന്നാലെ ബസിലെ പുരുഷ യാത്രക്കാരോട് ബസിന് പുറത്തേക്കിറങ്ങി നില്‍ക്കാന്‍ ആവശ്യപ്പെട്ടു.

ഏതാനും മിനിറ്റിനുള്ളില്‍ ഫാത്തിമ പ്രസവിച്ചു. ഇതിനിടയില്‍ ഡ്രൈവര്‍ ആംബുലന്‍സ് വിളിച്ചിരുന്നു. ആംബുലന്‍സ് എത്തിയപ്പോഴേക്കും പ്രസവം നടന്നിരുന്നു. ഫാത്തിമയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി. വസന്തമ്മയുടെ സമയോചിതമായ ഇടപെടലിനെ കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് എംഡി അഭിനന്ദിച്ചു.

Exit mobile version