പൈലറ്റുമാരെ കിട്ടാനില്ല : ചെറിയ ദൂരങ്ങള്‍ക്ക് ബസുകള്‍ ഏര്‍പ്പാടാക്കാന്‍ അമേരിക്കന്‍ വിമാനക്കമ്പനികള്‍

വാഷിംഗ്ടണ്‍ : പൈലറ്റുമാരെ കിട്ടാതായതോടെ ചെറിയ ദൂരങ്ങള്‍ക്ക് വിമാനത്തിന് പകരം ബസുകള്‍ ഏര്‍പ്പെടുത്താനൊരുങ്ങി അമേരിക്കന്‍ വിമാനക്കമ്പനികള്‍. യുഎസിലെ പ്രമുഖ വിമാനക്കമ്പനികളായ അമേരിക്കന്‍ എയര്‍ലൈന്‍സും യുണൈറ്റഡ് എയര്‍ലൈന്‍സും നിലവില്‍ ബസ് കമ്പനികളുമായി കരാര്‍ ഒപ്പിട്ടിട്ടുണ്ട്.

ഫിലഡെല്‍ഫിയ എയര്‍പോര്‍ട്ടില്‍ നിന്ന് 73 മൈല്‍ അകലെയുള്ള അലന്‍ടൗണ്‍(പെന്‍സില്‍വാനിയ), 56 മൈല്‍ അകലെയുള്ള അറ്റ്‌ലാന്റിക് സിറ്റി(ന്യൂജഴ്‌സി) എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് ലാന്‍ഡ്‌ലൈന്‍ എന്ന ബസ് സര്‍വീസ് കമ്പനിയുമായാണ് അമേരിക്കന്‍ എയര്‍ലൈന്‍സ് ധാരണയിലെത്തിയിരിക്കുന്നത്. വിമാനത്തേക്കാള്‍ എളുപ്പവും ലാഭകരവും ബസ് സര്‍വീസ് ആണെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. ജൂണ്‍ 3 മുതല്‍ സര്‍വീസ് ആരംഭിക്കും.

യുണൈറ്റഡ് എയര്‍ലൈന്‍സും ലാന്‍ഡ്‌ലൈനുമായി തന്നെയാണ് കരാര്‍ ഒപ്പു വച്ചിരിക്കുന്നത്. ഡെന്‍വര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ബ്രക്കന്റിജ്, ഫോര്‍ട്ട് കോളിന്‍സ് എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സര്‍വീസ്. ഏപ്രില്‍ ആദ്യം മുതല്‍ തന്നെ ഇത് നിലവില്‍ വന്നിരുന്നു. രണ്ട് വിമാനക്കമ്പനികളുമായുള്ള കരാറിലൂടെ 28 ദശലക്ഷം സമാഹരിക്കാന്‍ കഴിഞ്ഞതായും ഇത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാനായി ഉപയോഗിക്കുമെന്നും ലാന്‍ഡ്‌ലൈന്‍ അറിയിച്ചു.

പൈലറ്റുമാര്‍ക്ക് ക്ഷാമം അനുഭവപ്പെട്ടതോടെ നിരവധി വിമാനങ്ങളാണ് ഇരു കമ്പനികളിലുമായി ഉപയോഗിക്കാതെ കിടക്കുന്നത്. ടിക്കറ്റ് നിരക്കും വര്‍ധിച്ചു. പൈലറ്റുമാര്‍ 65 വയസ്സില്‍ വിരമിക്കണമെന്ന നിബന്ധനയുള്ളതിനാല്‍ അടുത്ത 15 വര്‍ഷത്തിനുള്ളില്‍ അമേരിക്കയിലെ പൈലറ്റുമാരുടെ പകുതിയും വിരമിക്കുമെന്നാണ് റീജണല്‍ എയര്‍ലൈന്‍ അസോസിയേഷന്റെ കണക്ക്. കോവിഡ് മഹാമാരി മൂലം ഒട്ടേറെ പേര്‍ പ്രായപരിധിക്ക് മുമ്പ് തന്നെ വിരമിച്ചിട്ടുണ്ട്. ഇവയെല്ലാം വ്യോമയാനരംഗത്ത് സ്ഥിതി കൂടുതല്‍ വഷളാക്കും.

Exit mobile version