അധ്യാപികയെ 101 തവണ കുത്തി കൊലപ്പെടുത്തി : 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് അപമാനിച്ചതിനുള്ള പ്രതികാരമെന്ന് മൊഴി

ബ്രസല്‍സ് : പഠനകാലത്ത് ക്ലാസ്സില്‍ വെച്ച് അപമാനിച്ച അധ്യാപികയെ മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം കുത്തിക്കൊലപ്പെടുത്തി യുവാവ്. ബെല്‍ജിയത്തിലാണ് സംഭവം. ഗുണ്ടര്‍ ഉവെന്റസ് എന്ന മുപ്പത്തിയേഴുകാരനാണ് തന്നെ പഠിപ്പിച്ച അധ്യാപിക മരിയ വെര്‍ലിന്‍ഡനെ കുത്തിക്കൊലപ്പെടുത്തിയത്.

2020ലാണ് 59കാരിയായ മരിയ കൊല്ലപ്പെടുന്നത്. നൂറ്റൊന്ന് തവണ കുത്തി അതിക്രൂരമായായിരുന്നു ഇവരെ കൊലപ്പെടുത്തിയത്. പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തില്‍ പോലീസ് ഏറെ അലഞ്ഞു. നൂറ് കണക്കിന് പേരുടെ ഡിഎന്‍എ പരിശോധന നടത്തിയിട്ടും സാക്ഷികളോട് മുന്നോട്ട് വരാന്‍ അപേക്ഷിച്ചിട്ടും ഫലം കണ്ടില്ല. വീട്ടില്‍ വച്ചാണ് വെര്‍ലിന്‍ഡര്‍ കൊല്ലപ്പെടുന്നത്. മൃതദേഹം കിടന്നതിന് തൊട്ടടുത്ത് തന്നെ പണമടങ്ങിയ പഴ്‌സും കിടപ്പുണ്ടായിരുന്നതിനാല്‍ കവര്‍ച്ചയ്ക്കിടെയല്ല കൊലപാതകം എന്ന് വ്യക്തമായിരുന്നു.

കൊലപാതകം നടന്ന് പതിനാറ് മാസങ്ങള്‍ക്ക് ശേഷം ഗുണ്ടര്‍ ഒരു സുഹൃത്തിനോട് കുറ്റം സമ്മതിച്ചതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. സുഹൃത്ത് അറിയിച്ച പ്രകാരം കഴിഞ്ഞ ഞായറാഴ്ച ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

അധ്യാപിക കാരണം ഏറെ വേദനിച്ചുവെന്നാണ് പ്രതി നല്‍കുന്ന വിശദീകരണം. ഏഴാം വയസ്സില്‍ ക്ലാസ്സ് മുറിയില്‍ വെച്ച് മരിയയുടെ കുത്ത് വാക്കുകള്‍ കാരണം ഏറെ സങ്കടപ്പെട്ടുവെന്നും ഒരിക്കലും ആ അപമാനത്തില്‍ നിന്ന് തനിക്ക് മോചനമുണ്ടായിട്ടില്ലെന്നും ഇയാള്‍ പറയുന്നു. ഇയാള്‍ പറയുന്നത് എത്രത്തോളം വാസ്തവമാണെന്ന് വിശ്വസിക്കാറായിട്ടില്ലെന്നും തെളിവുകള്‍ ശേഖരിക്കുകയാണെന്നുമാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

Exit mobile version