കോവിഡ് 19: ലോകത്ത് മരണസംഖ്യ ഒരുലക്ഷം കടന്നു

ന്യൂയോര്‍ക്ക്: ലോകത്തെ വിറപ്പിച്ച് കോവിഡ് 19 മഹാമാരിയുടെ താണ്ഡവം തുടരുന്നു. ഞെട്ടിച്ച് കോവിഡ് ഇരകളായവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. വെള്ളിയാഴ്ച രാത്രി 10.30 വരെയുള്ള കണക്കനുസരിച്ച് 1,00,380 പേരാണ് ഇതുവരെ മരിച്ചത്. 16,52,944 പേര്‍ക്ക് രോഗം ബാധിച്ചു. 3,69,956 പേരുടെ രോഗം മാറി.

മരണസംഖ്യയില്‍ ഇറ്റലിയാണ് മുന്നില്‍. ഇതുവരെ 18,849 പേര്‍ മരിച്ചു. രോഗം ബാധിച്ചത് 1,47,577 പേരെ. ഇറ്റലിക്കു തൊട്ടുപിന്നിലുള്ള യുഎസില്‍ വെള്ളിയാഴ്ച രാത്രി വരെ മരിച്ചത് 17,927 പേരാണ്.

യുഎസില്‍ രോഗബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തോട് അടുക്കുന്നു. സ്‌പെയിനില്‍ മരണസംഖ്യ 15,970 ആണ്. ഒന്നര ലക്ഷത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഫ്രാന്‍സില്‍ 12,210 പേരും യുകെയില്‍ 8,958 പേരും മരിച്ചു. ജര്‍മനിയില്‍ ഒരു ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മരണം 2,607 ആണ്. 210ല്‍ അധികം രാജ്യങ്ങളില്‍ രോഗമെത്തി.

Exit mobile version