കൊറോണ വൈറസ് ഭീതി; കുട്ടികളെ വിമാനത്താവളത്തില്‍ ഉപേക്ഷിച്ച് കടന്നു രക്ഷിതാക്കള്‍

പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസിന്റെ ഭീതിയിലാണ് ലോക രാജ്യങ്ങള്‍. ഇതിനിടെ രോഗ ലക്ഷണങ്ങളുള്ള മക്കളെ വിമാനത്താവളത്തില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു മാതാപിതാക്കള്‍. കുട്ടികള്‍ക്ക് വൈറസിന്റെ ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ വിമാനത്തില്‍ കയറ്റാന്‍ കഴിയില്ലെന്ന് അധികൃതര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് രക്ഷിതാക്കള്‍ കുട്ടികളെ ഉപേക്ഷിച്ചത്.

രണ്ട് മക്കളുമായാണ് ദമ്പതിമാര്‍ വിമാനത്താവളത്തിലെത്തിയത്. ഒരു ആണ്‍കുഞ്ഞും പെണ്‍കുഞ്ഞുമാണ് ഇവര്‍ക്ക് ഉണ്ടായിരുന്നത്. ആണ്‍കുട്ടിക്ക് രോഗലക്ഷണം ഉണ്ടെന്നും വിമാനത്തില്‍ കയറ്റാന്‍ ആവില്ലെന്നും അധികൃതര്‍ പറഞ്ഞു. കുട്ടിയുടെ പിതാവ് ഇതിനെതിരെ വാദിച്ചു. തന്റെ മകന് അസുഖമില്ലെന്നും യാത്ര ചെയ്യാന്‍ അനുവദിക്കണമെന്നും ഇവര്‍ വാദിച്ചു. ബോര്‍ഡിംഗ് ഗേറ്റില്‍ മൂന്നു മണിക്കൂറോളം ഇവര്‍ അധികൃതരുമായി തര്‍ക്കിച്ചു. പക്ഷേ, അധികൃതര്‍ അനുവദിച്ചില്ല. തര്‍ക്കം മൂലം മറ്റു യാത്രക്കാര്‍ക്കും അസൗകര്യം നേരിട്ടു. ഇതോടെ മക്കളെ വിമാനത്താവളത്തില്‍ ഉപേക്ഷിച്ച് മാതാപിതാക്കള്‍ കടന്നു.

അതേസമയം കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 41 ആയി ഉയര്‍ന്നു. 1287 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നും ചൈനീസ് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഇതില്‍ 237 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. ഹുബൈ പ്രവിശ്യയില്‍ മാത്രം 15 പേരാണ് മരിച്ചത്. ചൈനയില്‍ ആയിരത്തിലധികം പേര്‍ ചികിത്സയിലാണ്. ഇവര്‍ക്കായി പ്രത്യേക ആശുപത്രിയും ചൈനീസ് സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്.

Exit mobile version