കൊറോണ വൈറസ് നിയന്ത്രണാതീതമായി പടരുന്നു; ചൈനയിലെ വുഹാനില്‍ നിന്നുള്ള 100 യാത്രക്കാരെ സിംഗപൂര്‍ തിരിച്ചയച്ചു

ചൈനയെയും ലോകത്തെയാകെയും ഭയപ്പെടുത്തുന്ന കൊറോണ വൈറസ് നിയന്ത്രണാതീതമായി പടരുന്നു. രോഗത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങള്‍. അതേസമയം ചൈനയിലെ വുഹാനില്‍ നിന്നുള്ള 100 യാത്രക്കാരെ സിംഗപൂര്‍ തിരിച്ചയച്ചു. സിംഗപ്പൂരിലെ ചാങി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയവരെയാണ് തിരിച്ചയച്ചത്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണ് സിംഗപ്പൂരിന്റെ നടപടി. യാത്രക്കാര്‍ ചൈനയിലെ സിയഓഷന്‍ വിമാനത്താവളത്തില്‍ തിരിച്ചെത്തി.

കൊറോണ ആദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാനില്‍ നിന്ന് വൈറസ് പടരുന്നത് തടയാന്‍ സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. സഞ്ചാര സ്വാതന്ത്ര്യം താല്‍ക്കാലികമായി വിലക്കി അഞ്ചുനഗരങ്ങള്‍ പൂര്‍ണമായി അടച്ചു. വുഹാന്‍ പ്രവശ്യയിലേക്ക് ആളുകള്‍ എത്തുന്നതിലും പുറത്ത് പോകുന്നതിലുമാണ് വിലക്ക്. ഹുബൈ പ്രവിശ്യയിലെ ഹുവാങ്ഗാങ്, ഇജൗ, ഷിജിയാങ്, ക്വിയാന്‍ ജിയാങ് എന്നിവയാണ് അനിശ്ചിതകാലത്തേക്ക് അടച്ചത്.

വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 41 ആയി. 1287 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നും ചൈനീസ് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഇതില്‍ 237 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. ഇതിനിടെ രോഗം ബാധിച്ചവരെ ചികിത്സിച്ച ഒരു ഡോക്ടറും മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.

Exit mobile version