കൊറോണ വൈറസ്; കേരളത്തില്‍ 288 പേര്‍ നിരീക്ഷണത്തില്‍, ജാഗ്രത

ചൈനയില്‍ കൊറോണ വൈറസ് മൂലം മരിച്ചവരുടെ എണ്ണം 80 ആയി. അതേസമയം കേരളത്തില്‍ രോഗലക്ഷണങ്ങളോടെ 288 പേര്‍ നിരീക്ഷണത്തിലാണ്. ആരോഗ്യ വകുപ്പാണ് ഈ കാര്യം പുറത്തുവിട്ടത്. ഇതില്‍ ഏഴ് പേര്‍ ആശുപത്രികളിലാണുള്ളത്. കൊച്ചിയില്‍ മൂന്ന് പേരും തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവുമാണ് ആശുപത്രികളില്‍ കഴിയുന്നത്.

ഇന്നലെ മാത്രം 109 പേര്‍ ചൈനയില്‍ നിന്ന് കേരളത്തിലെത്തിയിട്ടുണ്ട്. മടങ്ങിയെത്തിയവരില്‍ വൂഹാന്‍ സര്‍വകലാശാലയിലെ രണ്ട് വിദ്യാര്‍ത്ഥികളുമുണ്ട്. പ്രാഥമിക പരിശോധനയില്‍ കൊറോണ ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവരെ വീടുകളിലേക്ക് അയച്ചു. അതേസമയം വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.

അതേസമയം ചൈനയില്‍ കൊറോണ വൈറസ് ബാധയില്‍ മരിച്ചവരുടെ എണ്ണം 80 കടന്നു. ഹുബി പ്രവിശ്യയില്‍ മാത്രം 76 മരണമാണ് ആരോഗ്യസമിതി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചൈനയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2,744ആയി.

വുഹാന്‍ പ്രവശ്യയുടെ തലസ്ഥാനമായ ഹുബിയിലാണ് വൈറസ് ബാധ കൂടുതല്‍ പ്രശ്‌നം സൃഷ്ടിക്കുന്നത്. ഹുബിയില്‍ 769 പേര്‍ക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതില് 461 പേരുടെ നില അതീവഗുരുതരമാണ്.

Exit mobile version