വിവാഹദിവസം സ്ത്രീധനം കൂടുതല്‍ ചോദിച്ചു : കല്യാണത്തില്‍ നിന്നു വധു പിന്മാറി

റാഞ്ചി : സ്ത്രീധനം കൂടുതല്‍ വേണമെന്നാവശ്യപ്പെട്ട വരനുമായുള്ള വിവാഹത്തില്‍ നിന്ന് പിന്മാറി വധു. ജാര്‍ഖണ്ഡിലെ റാഞ്ചി ജില്ലയിലാണ് സംഭവം. വിവാഹദിവസം വരന്റെ ബന്ധുക്കള്‍ അഞ്ച് ലക്ഷം രൂപയും സ്വര്‍ണവും അധികം ആവശ്യപ്പെട്ടതോടെയാണ് യുവതി വിവാഹത്തില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചത്.

വധുവിന്റെ കഴുത്തില്‍ വരണമാല്യം ഇടുന്നതിന് തൊട്ട് മുമ്പ് വരന്റെ ബന്ധുക്കള്‍ സ്ത്രീധനം കൂടുതല്‍ വേണമെന്നാവശ്യപ്പെടുകയും ഇതേച്ചൊല്ലി ഇരു വീട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു. വധുവിന്റെ പിതാവ് തന്റെ നിസ്സഹായാവസ്ഥ ബോധ്യപ്പെടുത്തിയെങ്കിലും വരന്റെ വീട്ടുകാര്‍ ഇത് കൂട്ടാക്കാതെ കൂടുതല്‍ ധനം ആവശ്യപ്പെട്ട് ബഹളമുണ്ടാക്കാന്‍ തുടങ്ങി. ഇരുവീട്ടുകാരും തമ്മില്‍ കസേരയും മറ്റുമെടുത്ത് അടിയ്ക്കുന്നതില്‍ വരെ കാര്യങ്ങളെത്തിയതോടെ വിവാഹ വേദിയില്‍ പോലീസെത്തി. തുടര്‍ന്ന് യുവാവുമായുള്ള വിവാഹവുമായി മുന്നോട്ട് പോവാനാകില്ലെന്ന് വധുവിന്റെ വീട്ടുകാര്‍ അറിയിക്കുകയായിരുന്നു.

വധുവിന്റെ ബന്ധുക്കളുടെ പരാതിയില്‍ വരനും വീട്ടുകാര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. വിവാഹനിശ്ചയത്തിന്റെ സമയത്ത് 2.5 ലക്ഷം രൂപയും സ്വര്‍ണവും ടൂവിലറുമടക്കമുള്ള വസ്തുക്കള്‍ വരന് നല്‍കിയിരുന്നതായി വധുവിന്റെ വീട്ടുകാര്‍ അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് വിവാഹദിനത്തില്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടത്.

Exit mobile version