സ്ത്രീകളുടെ വിവാഹപ്രായം : ബില്‍ പരിശോധിക്കാനുള്ള കമ്മിറ്റിയില്‍ ആകെയുള്ളത് ഒരു സ്ത്രീ

ന്യൂഡല്‍ഹി : സ്ത്രീകളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്ന് ഇരുപത്തിയൊന്ന് ആക്കുന്നത് സംബന്ധിച്ച ബില്‍ പരിശോധിക്കാനുള്ള 31 അംഗ കമ്മിറ്റിയില്‍ മുപ്പത് പേരും പുരുഷന്മാര്‍.തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുഷ്മിതാ ദേവ് മാത്രമാണ് സമിതിയിലെ വനിതാ അംഗം.

വിദ്യാഭ്യാസം, സ്ത്രീകള്‍, കുട്ടികള്‍, യുവാക്കള്‍, സ്‌പോര്‍ട്ട്‌സ് എന്നീ വിഷയങ്ങളിലുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ചുമതല രാജ്യസഭയ്ക്കാണ്. ഈ സമിതിയില്‍ രാജ്യസഭാ അംഗങ്ങള്‍ക്കായിരിക്കും കൂടുതല്‍ പ്രാതിനിധ്യം. ഓരോ പാര്‍ട്ടിയും സഭയിലെ അവരുടെ അംഗബലം അനുസരിച്ചാണ് പ്രതിനിധികളെ നാമനിര്‍ദേശം ചെയ്യുന്നത്.

ബിജെപി നേതാവ് വിനയ് സഹസ്രബുദ്ധെയാണ് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെ നയിക്കുന്നത്. കമ്മിറ്റിയില്‍ കൂടുതല്‍ വനിതകള്‍ ഉണ്ടായിരുന്നുവെങ്കില്‍ നന്നാകുമായിരുന്നുവെന്ന് ബുദ്ധെ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു. വിഷയവുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും ഭാഗം കേള്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കുന്നതിനുള്ള സമിതിയിലെങ്കിലും കൂടുതലും സ്ത്രീകളെ ഉള്‍പ്പെടുത്തേണ്ടതായിരുന്നുവെന്ന് എന്‍സിപി എംപി സുപ്രിയ സുലെയും പ്രതികരിച്ചിട്ടുണ്ട്. സമിതിയിലേക്ക് അംഗങ്ങളെ ക്ഷണിക്കാനുള്ള അധികാരം ചെയര്‍മാനുള്ളതിനാല്‍ മറ്റ് വനിതാ എംപിമാരെയും അദ്ദേഹത്തിന് ക്ഷണിക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്ത്രീകളുടെ വിവാഹപ്രായം 21 ആയി ഉയര്‍ത്തണമെന്ന നിര്‍ണായക ബില്‍ ലോക്‌സഭയുടെ ശീതകാല സമ്മേളനത്തിലാണ് അവതരിപ്പിച്ചത്. ബില്ലിന് വിവിധ ഭാഗങ്ങളില്‍ നിന്ന് എതിര്‍പ്പുകളും വന്നിരുന്നു.

Exit mobile version