സ്ത്രീകളുടെ സമ്മതമില്ലാതെ വിവാഹം നടത്തരുതെന്ന് ഉത്തരവിറക്കി താലിബാന്‍

കാബൂള്‍ : സ്ത്രീകളുടെ സമ്മതമില്ലാതെയോ നിര്‍ബന്ധിച്ച് സമ്മതം വാങ്ങിയോ വിവാഹം നടത്തുന്നതിനെതിരെ ഉത്തരവിറക്കി താലിബാന്‍. താലിബാന്‍ നേതാവ് ഹിബത്തുള്ള അഖുന്‍സാദയാണ് ഉത്തരവ് പ്രഖ്യാപിച്ചിരിക്കുന്നത്.

സ്ത്രീയും പുരുഷനും തുല്യരാണെന്നും സ്വന്തം വിവാഹത്തിന് സ്ത്രീകളെ നിര്‍ബന്ധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നുമാണ് ഉത്തരവ്. ഇതുകൂടാതെ വിധവകളായ സ്ത്രീകള്‍ക്ക് ഭര്‍ത്താവിന്റെ സ്വത്തിന്റെ അവകാശം ഉറപ്പുവരുത്തണമെന്നും പുറത്തിറങ്ങിയ ഉത്തരവിലുള്ളതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, ജോലി തുടങ്ങിയ കാര്യങ്ങളില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. തന്നെയുമല്ല പെണ്‍കുട്ടികളുടെ വിവാഹം പ്രായം സംബന്ധിച്ചും ഉത്തരവില്‍ പ്രതിപാദിക്കുന്നില്ല. മുമ്പ് താലിബാന്റെ ഭരണകാലത്ത് 16 വയസ്സായിരുന്നു പെണ്‍കുട്ടികളുടെ വിവാഹപ്രായം.

എന്നിരുന്നാലും അന്താരാഷ്ട്രസമൂഹം ഭയക്കുന്ന താലിബാന്റെ തീവ്ര ശരിയത്ത് നിയമങ്ങളില്‍ പ്രധാനപ്പെട്ടതിനാണ് വെള്ളിയാഴ്ച സര്‍ക്കാര്‍ അയവ് വരുത്തിയിരിക്കുന്നത്. 1996-2001 കാലയളവില്‍ താലിബാന്‍ ഭരണത്തിന് കീഴില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ക്രൂരതകള്‍ക്കുമാണ് അഫ്ഗാന്‍ സാക്ഷിയായത്. സ്ത്രീകളെ രണ്ടാം തരക്കാരായി മാത്രം കണ്ടിരുന്ന താലിബാന്‍ പുരുഷന്മാര്‍ കൂടെയില്ലാതെ സ്ത്രീകള്‍ വീടിന് വെളിയില്‍ ഇറങ്ങുന്നത് പോലും വിലക്കിയിരുന്നു.

ഇക്കുറി രാജ്യത്ത് ഇത്തരം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്നായിരുന്നു പ്രഖ്യാപനമെങ്കിലും അധികാരമേറി ആഴ്ചകള്‍ക്കുള്ളില്‍ പെണ്‍കുട്ടികളുടെ വസ്ത്രധാരണം സംബന്ധിച്ചും അവരുടെ വിദ്യാഭ്യാസം സംബന്ധിച്ചും താലിബാന്‍ ഭരണകൂടം നിര്‍ദേശം നല്‍കി. പലയിടങ്ങളിലും സ്ത്രീകള്‍ ജോലി ചെയ്യുന്നത് താലിബാന്‍ വിലക്കിയിട്ടുണ്ട്.

സ്ത്രീകളോടുള്ള സമീപനത്തില്‍ മാറ്റം വരണമെന്ന് യുഎന്‍ അടക്കമുള്ള സംഘടനകളും ലോകനേതാക്കളും പല തവണ താലിബാനോട് ആവശ്യപ്പെട്ടിപ്പെട്ടിട്ടും ഇപ്പോഴും ഏഴ് മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ സ്‌കൂളില്‍ പോകുന്നതില്‍ നിന്ന് താലിബാന്‍ വിലക്കിയിരിക്കുകയാണ്‌. സ്ത്രീകളെ ജോലി ചെയ്യാനും അനുവദിക്കുന്നില്ല. ഇത്തരം വിലക്കുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവ് എന്നതാണ് ശ്രദ്ധേയം.

ഓഗസ്റ്റില്‍ താലിബാന്‍ അധികാരത്തിലേറിയതോടെ അമേരിക്കയും നാറ്റോ സൈന്യവും അഫ്ഗാനില്‍ നിന്ന് മടങ്ങിയിരുന്നു. ഇതേത്തുടര്‍ന്ന് ലോകരാജ്യങ്ങളില്‍ നിന്ന് അഫ്ഗാന് ലഭിച്ചിരുന്ന സഹായധനം മുടങ്ങുകയും ചെയ്തു. യുദ്ധത്തില്‍ തകര്‍ന്ന അഫ്ഗാന്റെ സാമ്പത്തികമേഖലയെ പിടിച്ചുനിര്‍ത്തിയിരുന്നത് ഇത്തരത്തില്‍ ലഭിച്ചിരുന്ന സഹായങ്ങളായിരുന്നു. സര്‍ക്കാരെന്ന നിലയില്‍ ആഗോളതലത്തില്‍ അംഗീകാരം നേടിയെടുക്കുന്നതിനും സാമ്പത്തികസഹായം തിരിച്ച് കൊണ്ടുവരുന്നതിനുമാണോ പുതിയ ഉത്തരവെന്ന് കണ്ടറിയേണ്ടിരിക്കുന്നു.

Exit mobile version