ഇറാനില്‍ മോഷണക്കേസിലെ കുറ്റവാളികളുടെ വിരലുകള്‍ അറുക്കുമെന്ന് സൂചന : മനുഷ്യാവകാശസംഘടനകള്‍ രംഗത്ത്

ടെഹ്‌റാന്‍ : ഇറാനില്‍ മോഷണക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട എട്ട് പൗരന്മാരുടെ വിരലുകള്‍ മുറിച്ച് കളഞ്ഞേക്കുമെന്ന് സൂചന. ശിക്ഷ നടപ്പാക്കുന്നതില്‍ ആശങ്കയുമായി ഇറാനിലെ പ്രമുഖ മനുഷ്യാവകാശ സംഘടനയായ അബ്ദുറഹ്‌മാന്‍ ബൊറൂമാന്‍ഡ് സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് (എബിസി) രംഗത്തെത്തി.

ശിക്ഷ മനുഷ്യത്വവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടന രംഗത്തെത്തിയിരിക്കുന്നത്. ഗ്രേറ്റര്‍ ടെഹ്‌റാന്‍ ജയിലില്‍ തടവില്‍ കഴിയുന്ന എട്ട് ഇറാനിയന്‍ പൗരന്മാരുടെ കയ്യിലെ വിരലുകളാണ് ഛേദിക്കുന്നതെന്നും ഇവരില്‍ മൂന്ന് പേരെ ശിക്ഷ നടപ്പാക്കുന്നതിനായി വടക്കു പടിഞ്ഞാറന്‍ ഇറാനിലെ ഒറുമിയ ജയിലില്‍ നിന്ന് മാറ്റിയെന്നും സംഘടന പ്രസ്താവനയില്‍ അറിയിച്ചു.

“ജൂണ്‍ എട്ടിനാണ് ആദ്യം ശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് തീയതി മാറ്റി. ടെഹ്‌റാനിലെ എവിന്‍ ജയിലില്‍ ഗില്ലറ്റിന്‍ പോലുള്ള ഉപകരണങ്ങളുണ്ട്. ഇവ പ്രവര്‍ത്തനക്ഷമമായാല്‍ ശിക്ഷ നടപ്പിലാക്കും. എവിനിലെ ക്ലിനിക്കില്‍ വിരലുകള്‍ മുറിച്ചു മാറ്റുന്നതിനുള്ള ഉപകരണം തയ്യാറായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഇത് ഉപയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്”. കുര്‍ദിസ്ഥാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് നെറ്റ്‌വര്‍ക്കുമായുള്ള സംയുക്ത പ്രസ്താവനയില്‍ സംഘടന കൂട്ടിച്ചേര്‍ത്തു.

ഇത്തരത്തില്‍ ഹീനവും മനുഷ്യത്വരഹിതവുമായ ശിക്ഷകള്‍ നടപ്പിലാക്കുന്നത് മനുഷ്യത്വത്തിന്റെയും മാന്യതയുടെയും എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുന്നതാണെന്നും ഇതിനെതിരെ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും എബിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റോയ ബൊറൂമാന്‍സ് അഭിപ്രായപ്പെട്ടു.

ശരീയത്ത് നിയമപ്രകാരം വിരലുകള്‍ മുറിച്ച് മാറ്റുന്നത് ഇറാനില്‍ അനുവദനീയമാണ്. സംഘടനയുടെ കണക്കുകള്‍ പ്രകാരം 1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഔദ്യോഗികമായി 356 പേരുടെ വിരലുകള്‍ ഇറാനില്‍ ഛേദിച്ചിട്ടുണ്ട്. ഇറാന്റെ ശിക്ഷാനിയമം അനുസരിച്ച് മോഷണക്കേസില്‍ കുറ്റം തെളിഞ്ഞാല്‍ വലതു കയ്യിലെ നാല് വിരലുകള്‍ മുറിച്ചു നീക്കും.

Exit mobile version