താലിബാന് മുമ്പ് മാധ്യമപ്രവര്‍ത്തകന്‍, താലിബാന് കീഴില്‍ വഴിയോര കച്ചവടക്കാരന്‍ : മൂസ മുഹമ്മദിയുടെ കഥ

താലിബാന് കീഴില്‍ പാടെ തകിടം മറിഞ്ഞ ജീവിതമാണ് അഫ്ഗാന്‍കാരുടേത്. പണക്കാരന്‍ പാവപ്പെട്ടവനായതും പാവപ്പെട്ടവന്‍ പാടെ നശിച്ചതുമൊക്കെ ക്ഷണനേരത്തിലാണ് അഫ്ഗാനില്‍ കഴിഞ്ഞു പോയത്. കഴിഞ്ഞ ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാന്റെ ഭരണം പിടിച്ചെടുക്കുന്നത് വരെ ബ്രേക്കിങ് ന്യൂസുകളായിരുന്നു മൂസ മുഹമ്മദി എന്ന യുവാവിന്റെ ജീവിതമാര്‍ഗ്ഗമെങ്കില്‍ ഇന്നത് ലഘുഭക്ഷണങ്ങളാണ്.

അഫ്ഗാനിലെ അറിയപ്പെടുന്ന ഒരു മാധ്യമപ്രവര്‍ത്തകനായിരുന്ന മുഹമ്മദി ഇന്ന് വഴിയോരത്ത് ലഘുഭക്ഷണങ്ങള്‍ വിറ്റാണ് ജീവിതം നയിക്കുന്നത്. ചാനല്‍ ചര്‍ച്ചകളിലും മറ്റും സ്ഥിരസാന്നിധ്യമായിരുന്ന മുഹമ്മദിയെ ഇന്ന് കണ്ടാല്‍ തിരിച്ചറിയുക തന്നെ പ്രയാസം. 2011 മുതല്‍ മാധ്യമപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു വരികയായിരുന്ന മൂസ അരിയാന ന്യൂസ് എന്ന സ്ഥാപനത്തിന് കീഴിലായിരുന്നു ഏറെ നാളുകളായി ജോലി ചെയ്തിരുന്നത്. താലിബാന് പിന്നാലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും പിടിമുറുക്കിയതോടെ നഷ്ടത്തിലായ സ്ഥാപനം മൂസയുള്‍പ്പടെയുള്ളവരെ പിരിച്ചുവിട്ടു. തുടര്‍ന്ന് ജോലിക്ക് വേണ്ടി മറ്റ് പല സ്ഥാപനങ്ങളെയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. നല്ലൊരു ജോലിക്ക് വേണ്ടി കാത്തിരിക്കാനുള്ള സാഹചര്യമല്ലാത്തതിനാല്‍ മുന്നിലുള്ള ഏക വഴി തെരുവില്‍ സമൂസ വില്‍ക്കുകയായിരുന്നു. അങ്ങനെയാണ് വാര്‍ത്തകളുടെ ലോകത്ത് നിന്ന് മൂസ തെരുവിലിറങ്ങുന്നത്. ഹൃദ്രോഗിയായ മാതാവിനും മൂസയ്ക്കും ഇപ്പോള്‍ ഇതാണ് ഏക വരുമാനമാര്‍ഗ്ഗം.

താലിബാന്‍ ഭരണമേറ്റെടുത്തതിനെ തുടര്‍ന്നുണ്ടായ സാമ്പത്തികത്തകര്‍ച്ചയില്‍ തൊഴില്‍രഹിതനായ മൂസയുടെ കഥ കാബൂള്‍ സര്‍വകലാശാല പ്രഫസര്‍ കബീര്‍ ഹഖ്മല്‍ ആണ് ട്വിറ്ററിലൂടെ ലോകത്തിന് മുന്നിലെത്തിച്ചത്. മൂസയുടെ വാര്‍ത്താ അവതരണത്തിന്റെ ചിത്രവും വഴിയോരക്കച്ചവടം നടത്തുന്ന ചിത്രവും ഉള്‍പ്പെടുത്തി, താലിബാന് കീഴില്‍ മാധ്യമപ്രവര്‍ത്തകരുടെ ജീവിതം എന്ന തലക്കെട്ടോടെയായിരുന്നു ട്വീറ്റ്. റിപ്പബ്ലിക്കിന്റെ തകര്‍ച്ചയോടെ അഫ്ഗാന്‍ അനുഭവിക്കുന്ന ദുരിതം അഭൂവപൂര്‍വമാണെന്നും അദ്ദേഹം കുറിച്ചു.

ചിത്രം വൈറലായതോടെ അഫ്ഗാന്റെ നാഷണല്‍ റേഡിയോ ആന്‍ഡ് ടെലിവിഷന്‍ ഡയറക്ടര്‍ ജനറല്‍ അഹ്‌മദുല്ല വസീഖ് മൂസയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് രംഗത്തെത്തി. അദ്ദേഹത്തെ തന്റെ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിയ്‌ക്കെടുക്കുമെന്നും എല്ലാ അഫ്ഗാന്‍ പ്രഫഷനലുകളെയും തങ്ങള്‍ക്കാവശ്യമുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Exit mobile version