പിസ കഴിച്ച് സിനിമ കാണാം, 36500 രൂപ കൈയ്യിലിരിക്കും

സിനിമാ ആസ്വാദകര്‍ക്ക് പിസ കഴിച്ച് നെറ്റ്ഫ്ളിക്സില്‍ സിനിമ കണ്ട് 36500 രൂപ നേടാന്‍ കിടിലന്‍ അവസരം. യുഎസ് ആസ്ഥാനമായ ബോണസ് ഫൈന്‍ഡര്‍ എന്ന വെബ്സൈറ്റാണ് ഈ കിടിലന്‍ തൊഴിലവസരം ഒരുക്കിയിരിക്കുന്നത്.

യുഎസിലെ ദേശീയ പിസ ദിനമായ ഫെബ്രുവരി ഒന്‍പതിനോട് അനുബന്ധിച്ചാണ് ഈ അവസരം. പ്രൊഫഷണല്‍ ബിന്‍ഗെവാച്ചര്‍ എന്നാണ് ഈ തൊഴിലാളിയെ വെബ്സൈറ്റ് വിശേഷിപ്പിക്കുന്നത്. സിനിമ കാണുകയും പിസ കഴിക്കുകയും മാത്രം ചെയ്താല്‍ പോര. നെറ്റ്ഫ്ളിക്സിലെ കണ്ടന്റിനെ കുറിച്ചും പിസയുടെ ഗുണമേന്മയെ കുറിച്ചും റിവ്യൂവെഴുതണം.

കണ്ടന്റില്‍ കഥ, ഇതിവൃത്തം, നടന വൈഭവം, എപിസോഡുകളുടെ സംതൃപ്തി എന്നിവയാണ് വിലയിരുത്തേണ്ടത്. പിസയില്‍ നിറം, രുചി, രുചിക്കൂട്ടുകളുടെ നിലവാരം, മൂല്യം തുടങ്ങിയവയും റിവ്യൂ ചെയ്യണം. കാണേണ്ട 13 സീരിസുകളുടെ പട്ടിക വെബ്സൈറ്റ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

അഞ്ഞൂറു ഡോളറാണ് (ഏകദേശം 36500 രൂപ) ശമ്പളം. തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിയാണ് ഓഫറിന് അര്‍ഹമാകുക. കമ്പനിയുടെ വെബ്സൈറ്റ് വഴിയാണ് ഇതിനായി അപേക്ഷിക്കേണ്ടത്.

Exit mobile version