മെഡല്‍ നേട്ടത്തിന് പിന്നാലെ പിസ കഴിക്കണമെന്ന് ചാനു: ആജീവനാന്തം സൗജന്യമായി പിസ നല്‍കാമെന്ന് ഡൊമിനോസ്

ന്യൂഡല്‍ഹി: ടോക്കിയോ ഒളിംപിക്‌സില്‍ 49 കിലോഗ്രാം ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി രാജ്യത്തിന്റെ അഭിമാനതാരമായി മാറിയിരിക്കുകയാണ് മണിപ്പൂര്‍ സ്വദേശിനിയായ മീരാഭായ് ചാനു.

രാജ്യത്തെ എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി പറഞ്ഞ ചാനു മെഡല്‍ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു എന്നാണ് ആദ്യം പ്രതികരിച്ചത്. ‘ഒരു പിസ കഴിച്ചിട്ടാകാം ഇനി എന്തും. എനിക്ക് പിസ വളരെ ഇഷ്ടമാണ്. എന്നാല്‍ ഏറെ നാളായി ഒന്ന് കഴിച്ചിട്ട്’ -മെഡല്‍ സന്തോഷം പങ്കുവെച്ച് ചാനു എന്‍ഡിടിവിയോട് പറഞ്ഞു. ഭക്ഷണ ക്രമീകരണങ്ങളുള്ളതിനാല്‍ പിസ പോലുള്ള വിഭവങ്ങള്‍ കായിക താരങ്ങളുടെ മെനുവില്‍ നിന്നും ഒഴിവാക്കാറുണ്ട്.

ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായതോടെ പുതിയ പ്രഖ്യാപനവുമായി ഡോമിനോസ് ഇന്ത്യയും രംഗത്തെത്തി. ഇഷ്ട വിഭവം പരസ്യമാക്കിയതിന് തൊട്ടുപിന്നാലെ ആജീവനാന്തം ചാനുവിന് പിസ ഓഫര്‍ ചെയ്തിരിക്കുകയാണ് ഡോമിനോസ് ഇന്ത്യ.

‘അവര്‍ പറഞ്ഞത് ഞങ്ങള്‍ കേട്ടു, പിസ കഴിക്കാന്‍ ചാനു ഇനി കാത്തിരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അവര്‍ക്ക് ആജീവനാന്തം ഡോമിനോസ് പിസ ഞങ്ങള്‍ സൗജന്യമായി നല്‍കും’-കമ്പനി ട്വീറ്റ് ചെയ്തു.

ഒളിമ്പിക്സ് മെഡല്‍ രാജ്യത്തേയ്ക്ക് കൊണ്ടുവന്നതിന് നന്ദിയെന്ന് ഡൊമിനോസ് ഇന്ത്യ ട്വിറ്ററില്‍ കുറിച്ചു. കോടിക്കണക്കിന് ഇന്ത്യക്കാരുടെ സ്വപ്നമാണ് മീരാഭായ് ചാനു സാക്ഷാത്കരിച്ചത്. താരത്തിന് ആജീവനാന്തം പിസ നല്‍കുന്നതില്‍ സന്തോഷം മാത്രമേ ഉള്ളു എന്നും കമ്പനി അറിയിച്ചു. ഇതിന് പിന്നിലെ തങ്ങളുടെ ഹോട്ടലില്‍ സൗജന്യമായി താമസിക്കാന്‍ മീരാഭായിയ്ക്ക് സൗകര്യമൊരുക്കുമെന്ന് രാജസ്ഥാനിലെ ഒരു പ്രമുഖ ഹോട്ടല്‍ ഉടമയും പറഞ്ഞു.

Exit mobile version