‘കുറച്ച് നൊസ്റ്റാള്‍ജിയ ആയാലോ? ‘ : ആദ്യമായി പോസ്റ്റ് ചെയ്ത വീഡിയോ പങ്ക് വെച്ച് യൂട്യൂബ്

ദിവസത്തില്‍ ഒരു തവണയെങ്കില്‍ യൂട്യൂബ് വീഡിയോസ് കാണുന്നവരാണ് നമ്മളെല്ലാവരും. വാര്‍ത്തകളാവട്ടെ, സിനിമകളാവട്ടെ എന്തും എപ്പോഴും യൂട്യൂബില്‍ ലഭ്യമാണ്. ഇക്കഴിഞ്ഞ ദിവസം യൂട്യൂബ് തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഒരു വീഡിയോ പങ്ക് വെച്ചു. ആദ്യമൊന്നും ആര്‍ക്കും എന്താണ് കാര്യമെന്ന് പിടികിട്ടിയില്ലെങ്കിലും ക്യാപ്ഷന്‍ വായിച്ചതോടെ എല്ലാവരും തന്നെ നൊസ്റ്റാള്‍ജിക്ക് ആയി.

പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് യൂട്യൂബില്‍ ആദ്യമായി പോസ്റ്റ് ചെയ്ത വീഡിയോ ആയിരുന്നു അത്. 2005ല്‍ ഈ വീഡിയോ അപ്‌ലോഡ് ചെയ്തുകൊണ്ടായിരുന്നു യൂട്യൂബിന്റെ തുടക്കം. 2005 ഫെബ്രുവരി 14നാണ് സ്റ്റീവ് ചെന്‍, ചാഡ് ഹാര്‍ലി, ജാവേദ് കരീം എന്നിവര്‍ ചേര്‍ന്ന് യൂട്യൂബ് ആരംഭിക്കുന്നത്. ഇതില്‍ കരീം ഏപ്രില്‍ 23ന് ആദ്യത്തെ വീഡിയോ പോസ്റ്റ് ചെയ്തു. 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സാന്‍ഡിയാഗോ മൃഗശാലയിലെ ആന കൊട്ടിലിന്റെ അടുത്ത് നിന്ന് കരീം ചിത്രീകരിച്ചതായിരുന്നു.

Also read : 500 രൂപ പിഴ അടപ്പിച്ചു : പോലീസ് സ്റ്റേഷന്റെ ഫ്യൂസ് ഊരി ലൈന്‍മാന്‍

ഒറ്റ ഷോട്ടിലെടുത്ത വീഡിയോ ഇതുവരെ 235 ദശലക്ഷത്തിലധികം പേര്‍ കണ്ടിട്ടുണ്ട്. ഈ വീഡിയോ പോസ്റ്റ് ചെയ്ത് 18 മാസങ്ങള്‍ക്ക് ശേഷം 2006 ഒക്ടോബറില്‍ 1.65 ബില്യണ്‍ ഡോളറിന് ഗൂഗിള്‍ യൂട്യൂബിനെ വാങ്ങി. അവിടുന്നങ്ങോട്ട് ലോകമെമ്പാടുമുള്ള ആളുകളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി യൂട്യൂബ് മാറി. ഒട്ടേറെ ഓര്‍മകള്‍ സൂക്ഷിക്കുന്ന ഈ വീഡിയോ സെന്‍സേഷനായി മാറിയിരിക്കുകയാണ്‌ വീണ്ടും.

Exit mobile version