മുന്‍കാമുകന്റെ വിവാഹത്തിന് വധുവായി അണിഞ്ഞൊരുങ്ങിയെത്തി കാലില്‍ വീണ് യുവതി; വരന്റെ കാലുപിടിച്ച് കരഞ്ഞതോടെ നവവധു വേദി വിട്ടു; അമ്പരപ്പിച്ച് വീഡിയോ

മുന്‍കാമുകന്റെ വിവാഹവേദിയിലെത്തി കാലില്‍ വീണ് കരഞ്ഞ് തന്നെ ഉപേക്ഷിക്കരുതേയെന്ന് അപേക്ഷിച്ച് യുവതി. ഇതോടെ ഉടലെടുത്തത് നാടകീയ രംഗങ്ങള്‍. ചൈനയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. വിവാഹ ചടങ്ങുകള്‍ക്ക് ശേഷം വേദിയില്‍ വരനും വധുവും ചുംബിക്കാന്‍ തയ്യാറായി നില്‍ക്കുമ്പോഴായിരുന്നു പൂര്‍വ്വകാമുകിയുടെ എന്‍ട്രി.

ഓടി വന്ന് കെട്ടിപ്പിടിച്ചും കാലില്‍ വീണ് കരഞ്ഞും മുന്‍കാമുകി വരനേയും വധുവിനേയും വിവാഹത്തിനെത്തിയവരേയും ഒരു പോലെ ഞെട്ടിച്ചു. എല്ലാം തന്റെ തെറ്റാണെന്നും തന്നെ ഉപേക്ഷിക്കരുതെന്നും ആവശ്യപ്പെട്ട് യുവതി കൈപിടിക്കുകയും കാലില്‍ വീഴുകയും ചെയ്തതോടെ രംഗം വഷളായി. പ്രകോപിതനായ യുവാവ് മുന്‍കാമുകിയുടെ കൈ തട്ടിമാറ്റി താന്‍ വിവാഹം കഴിച്ച യുവതിയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍ കാമുകി വിടാതെ പിടികൂടിയതോടെ പ്രകോപിതയായ വധു വേദി വിട്ട് ഇറങ്ങി. വരന്‍ പിന്നാലെ ഓടി പോയി ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതും മുന്‍കാമുകി നിരാശയായി പൊട്ടിക്കരയുന്നതും വീഡിയോയിലുണ്ട്.

30 സെക്കന്റു മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഏതായാലും സോഷ്യല്‍മീഡിയയില്‍ വൈറലാണ്. പരസ്പരം ഒന്നിച്ചുപോകാന്‍ സാധിക്കില്ലെന്നു മനസ്സിലാക്കി വരന്‍ മുന്‍കാമുകിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

Exit mobile version