വഴി മുടക്കി ഡിസയർ; വഴി കാട്ടാൻ കാർ എടുത്ത് പൊക്കി യുവാവ്; കൈയ്യടിച്ച് സോഷ്യൽമീഡിയ

ചണ്ഡീഗഡ്: പാതയോരങ്ങളിൽ വഴിമുടക്കി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ട്രാഫിക് ബ്ലോക്കും ഒന്നും രാജ്യത്ത് പുത്തരിയല്ല. നഗര-ഗ്രാമ വ്യത്യാസമില്ലാതെ വാഹനങ്ങൾ പാർക്ക് ചെയ്ത് വഴി തടസ്സപ്പെടുത്തുന്നത് നിത്യ കാഴ്ചയാണ്. എന്നാൽ ഇത്തരത്തിൽ റോഡ് ബ്ലോക്ക് ചെയ്ത് പാർക്ക് ചെയ്ത ഒരു വാഹനത്തെ പാഠം പഠിപ്പിച്ച് സോഷ്യൽമീഡിയയിൽ താരമായിരിക്കുകയാണ് ഒരു യുവാവ്.

ഗതാഗതത്തെ തടസപ്പെടുത്തിയ വാഹനം ഒരു യുവാവ് എടുത്തുമാറ്റുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പഞ്ചാബിലാണ് സംഭവം. വീതി കുറഞ്ഞ റോഡരികിൽ ഒരു കാർ പാർക്ക് ചെയ്തിരിക്കുന്നതിനാൽ അതുവഴി ടിയുവി 300ലെത്തിയ ഒരു യുവാവിന് യാത്ര തടസപ്പെടുകയായിരുന്നു. നിർത്തിയിട്ടിരിക്കുന്ന വാഹനത്തിന്റെ ഡ്രൈവറെ അൽപ്പസമയം നോക്കിയെങ്കിലും എത്താത്തതിനാൽ യുവാവ് വാഹനം പൊക്കിയെടുത്ത് മാറ്റുകയായിരുന്നു.

സ്വിഫ്റ്റ് ഡിസയറാണ് യുവാവ് എടുത്ത് മാറ്റി വഴിയൊരുക്കിയത്. ഏകദേശം 1070 കിലോഗ്രാമാണ് ഈ വാഹനത്തിന്റെ ഭാരം. ടിയുവിയിൽ നിന്നിറങ്ങിയയാൾ ഈ വാഹനത്തിന് സമീപമെത്തുകയും ഇതിന്റെ പിൻഭാഗത്ത് പിടിച്ചുയർത്തി ഏതാനും അടി പിന്നിലേക്ക് മാറ്റുകയുമായിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥനാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

Exit mobile version