സവാദിന് എല്ലാ സഹായങ്ങളും നൽകിയതും വിവാഹം കഴിപ്പിച്ചതും പോപ്പുലർഫ്രണ്ട് നേതാക്കൾ; സവാദിലേക്ക് അന്വേഷണം എത്തിച്ചത് സംഘടനാ നിരോധനം

കണ്ണൂർ: അധ്യാപകന്റെ കൈവെട്ടിയ കേസിൽ ഒന്നാം പ്രതിയായ സവാദിനെ കുരുക്കിയത് പോപ്പുലർ ഫ്രണ്ട് നിരോധനമെന്ന് സൂചന. പോപ്പുലർ ഫ്രണ്ട് നിരോധിച്ചതിനു പിന്നാലെ അകത്തായ ചിലരിൽ നിന്നും സവാദിനെ കുറിച്ചുള്ള സൂചനകൾ ലഭിച്ചതാണ് വഴിത്തിരിവായത്.

സവാദിന് എല്ലാ തരത്തിലുള്ള സഹായവും ചെയ്ത് നൽകിയത് എസ്ഡിപിഐ നേതാക്കളായിരുന്നു. സവാദിന്റെ ചുറ്റുപാട് അറിയില്ലായിരുന്നു എന്ന ഭാര്യാ പിതാവിന്റെ വാദം കള്ളമാണെന്ന നിലപാടിലാണ് എൻഐഎ. എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് നേതാക്കളാണ് സവാദിന് ജോലിയും വിവാഹവും ശരിയാക്കി കൊടുത്തത്. തുടർന്ന് അന്വേഷണം എസ്ഡിപിഐ നേതാക്കളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.

കണ്ണൂർ ജില്ലയിൽ മാത്രം സവാദ് ഒളിവിൽ കഴിഞ്ഞത് 8 വർഷമാണ്. വളപട്ടണം, ഇരിട്ടി, മട്ടന്നൂർ എന്നിവിടങ്ങളിൽ വാടകവീടുകൾ തരപ്പെടുത്താൻ എസ്ഡിപിഐയാണ് സവാദിന് സഹായം ചെയ്ത് നൽകിയത്. മട്ടന്നൂരിലെ വാടകവീട്ടിൽ നിന്ന് താമസം മാറാനിരിക്കെയാണ് അറസ്റ്റുണ്ടായത്.

അതേസമയം, കേരളത്തിൽ തന്നെ സവാദ് ഉണ്ടെന്ന് അറിഞ്ഞതോടെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയിരുന്നു. തുടർന്നാണ് സവാദ് കുടുങ്ങിയത്. സവാദ് ഫോൺ ഉപയോഗിച്ചിരുന്നത് കരുതലോടെ മാത്രമായിരുന്നു. തുടർച്ചയായി സിംകാർഡുകൾ മാറ്റി ഉപയോഗിച്ചും ഇതര സംസ്ഥാന തൊഴിലാളികളുടെ ഫോൺ ഉപയോഗിച്ചും ആശയവിനിമയം നടത്തിയാണ് സവാദ് കാര്യങ്ങൾ അറിഞ്ഞിരുന്നത്.

ALSO READ- നാട്ടില്‍ മടങ്ങിയെത്തിയത് മാസങ്ങള്‍ക്ക് മുമ്പ്, പ്രവാസി വീട്ടിനുള്ളില്‍ കഴുത്തു മുറിച്ച് മരിച്ച നിലയില്‍

ഒളിവുകാലത്ത് കൂട്ടു പ്രതികളുമായും ബന്ധുക്കളും സുഹൃത്തുക്കളുമായും ബന്ധപ്പെട്ടില്ല. സവാദിന്റെ ഭാര്യയേയും സഹായിച്ചവരെയും ചോദ്യം ചെയ്യാൻ എൻഐഎ തീരുമാനിച്ചിരിക്കുകയാണ്.

സവാദിനെ തിരിച്ചറിയാൻ സഹായകരമായത് ഇളയകുട്ടിയുടെ ജനന സർട്ടിഫിക്കറ്റാണ്. ഷാജഹാൻ എന്ന് പേര് മാറ്റിയെങ്കിലും ജനന സർട്ടിഫിക്കറ്റിൽ പേര് സവാദ് എന്നു തന്നെയായിരുന്നു. ടി ജെ ജോസഫിന്റെ കൈവെട്ടിയ കൃത്യം നടത്തിയ സമയത്ത് സവാദിന്റെ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നു. ഈ മുറിവുകളും പ്രതിയെ തിരിച്ചറിയാൻ സഹായിച്ചു.

സവാദ് എട്ടുവർഷം മുൻപാണ് കാസർഗോഡ് നിന്ന് എസ്ഡിപിഐ നേതാവിന്റെ മകളെ വിവാഹം കഴിച്ചത്. വിവാഹത്തിൽ പള്ളിയിൽ നൽകിയ പേര് ഷാനവാസ് എന്നായിരുന്നു. വിവാഹ ശേഷം പുറത്തേക്ക് പോകാതെ കേരളത്തിൽ തന്നെ തങ്ങുകയായിരുന്നു. ഈ കാലത്ത് ജോലി തരപ്പെടുത്തി നൽകിയത് എസ്ഡിപിഐ പ്രവർത്തകർ തന്നെയായിരുന്നു.

റിയാസ് എന്ന എസ്ഡിപിഐക്കാരനാണ് സവാദിന് ജോലി തരപ്പെടുത്തിക്കൊടുത്തത്. മരപ്പണിക്കായി കോൺട്രാക്ട് ചെയ്ത് കൊടുക്കുകയായിരുന്നു. അതേസമയം, അധ്യാപകന്റെ കൈവെട്ടിയ സംഭവത്തിന് ശേഷം സവാദ് എവിടെക്കാണ് പോയതെന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങളില്ല.

Exit mobile version