വാക്‌സിൻ വിതരണത്തിനിടെ രാജ്യത്ത് രണ്ടാം കോവിഡ് തരംഗം; രോഗവ്യാപനം രൂക്ഷം; കടുത്ത ജാഗ്രത നിർദേശം

covid19_

ന്യൂഡൽഹി: രാജ്യത്ത് രണ്ടാം കോവിഡ് തരംഗം അതിവേഗത്തിൽ. രോഗവ്യാപനം രൂക്ഷമായതോടെ കടുത്ത ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി സംസ്ഥാനങ്ങളും രംഗത്തെത്തി. രണ്ടാം തരംഗത്തിൽ രോഗവ്യാപനവും മരണനിരക്കും ആദ്യത്തേതിനേക്കാൾ ഉയർന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ രോഗം പുതുതായി ബാധിക്കുന്നവരുടെ എണ്ണം 30,000ത്തിൽനിന്ന് 60,000 ആയത് 23 ദിവസങ്ങൾകൊണ്ടാണ്. എന്നാൽ, രണ്ടാംതരംഗത്തിൽ പത്തുദിവസങ്ങൾകൊണ്ടുതന്നെ ദിവസേനയുള്ള രോഗികളുടെ എണ്ണം 30,000ത്തിൽനിന്ന് 60,000 ആയി. ഇപ്പോൾ ദിവസേന ഈ സംഖ്യ 68,000ത്തിനു മുകളിലാണ്. നേരത്തേ ഒറ്റദിവസം 98,000 പുതിയ കേസുകൾവരെ എത്തിയിരുന്നു. എന്നാൽ, പിന്നീട് രോഗം താഴോട്ടുപോയി.

തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിൽ അത് കഴിയുന്നതോടെ രോഗം വർധിക്കുമെന്ന് ആരോഗ്യവിദഗ്ധർ നേരത്തേതന്നെ മുന്നറിയിപ്പു നൽകിയിട്ടുണ്ടായിരുന്നു. ഇതിനിടെയാണ് രോഗവ്യാപനം കടുത്തിരിക്കുന്നത്. ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച പുറത്തുവിട്ട കണക്കനുസരിച്ച് 24 മണിക്കൂറിൽ 68,020 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ വർഷത്തെ ഏറ്റവും വലിയ പ്രതിദിന കണക്കാണിത്. 291 പേർ മരിച്ചു. രോഗം പുതുതായി സ്ഥിരീകരിച്ചതിൽ 84 ശതമാനവും മഹാരാഷ്ട്ര, കർണാടക, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, കേരളം, തമിഴ്‌നാട്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലാണ്.

മഹാരാഷ്ട്രയിൽ മാത്രം 40,414 പുതിയ കേസുകളുണ്ടായി. രോഗവ്യാപനത്തിന്റെ ഈ നിരക്കാണ് ആശങ്കയ്ക്ക് കാരണമാകുന്നത്. മഹാരാഷ്ട്ര പലയിടങ്ങളിലും രാത്രി കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. ഒറ്റയാഴ്ചയിൽ 1,78,000ത്തിലധികം പേർ പുതുതായി രോഗബാധിതരായി. കഴിഞ്ഞ മാർച്ചിൽ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തതിനുശേഷം ഒറ്റയാഴ്ചയിൽ ഇത്രയധികം രോഗികൾ ഉണ്ടാവുന്നത് ഇതാദ്യമാണ്.

Exit mobile version