സംസ്ഥാനത്ത് ഇന്ന് 4538 പേര്‍ക്ക് കൊവിഡ്; 20 മരണം;3997 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4538 പേര്‍ക്ക് കൊവിഡ്. 20 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3997 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 249 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 67 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3347 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 57879 ആയി.

കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍ 36027 സാമ്പിളുകള്‍ പരിശോധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ 1,79,922 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. വലിയ തോതിലുള്ള വ്യാപനത്തിലേക്ക് പോകുമെന്ന ആശങ്കയാണ് നിലവില്‍. ഇന്നലെ 7000ത്തിലേറെ കേസുണ്ടായി. ഇന്ന് ഫലം എടുത്തത് നേരത്തെയാണെന്നും അതുകൊണ്ടാവാം കേസുകളുടെ എണ്ണത്തില്‍ കുറവ് വന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇന്നത്തെ ബാക്കിയുള്ള റിസള്‍ട്ടുകള്‍ കൂടി നാളത്തെ കണക്കില്‍ വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പത്ത് ലക്ഷത്തില്‍ 5431 എന്ന നിലയിലാണ് ജനസംഖ്യയോട് താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്തെ രോഗബാധ. 5482 ആണ് ഇന്ത്യന്‍ ശരാശരി. മരണനിരക്ക് ദേശീയ ശരാശരി 1.6 ശതമാനം. കേരളത്തിലത് 0.4 ശതമാനം മാത്രമാണ്. രോഗബാധ വര്‍ധിച്ചതിനൊപ്പം മരണനിരക്കും വര്‍ധിച്ചു. വ്യാപനം തടഞ്ഞാലേ മരണം കുറയ്ക്കാനാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version