തുടര്‍ച്ചയായ രണ്ടാം ദിവസവും രോഗമുക്തിയില്‍ ആശ്വാസം; സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്ക് കൊവിഡ്; 1950 പേര്‍ക്ക് രോഗമുക്തി; 10 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1391 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. 10 മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. 1950 പേര്‍ രോഗമുക്തി നേടി. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്ത് ആകെ 21516 കൊവിഡ് രോഗികളാണ് നിലവില്‍ ഉള്ളത്. 24 മണിക്കൂറില്‍ 30342 സാമ്പിളുകള്‍ പരിശോധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ഒരു ദിവസത്തെ പോസിറ്റീവ് കേസുകളുടെ എണ്ണം 83883 ആയി വര്‍ധിച്ചു. 1043 മരണം 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് കൊവിഡ് പോസിറ്റീവ് കേസ് 38.54 ലക്ഷമായി. 8.16 ലക്ഷം പോസിറ്റീവ് കേസ് നിലവിലുണ്ട്. 67400 പേര്‍ മരിച്ചു.തതുല്ല്യമായ വര്‍ധനവ് കേരളത്തിലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ സ്ഥിതി ആശ്വാസത്തിന് വക നല്‍കുന്നതല്ല. രണ്ട് ദിവസമായി പോസിറ്റീവ് എണ്ണം കുറഞ്ഞു. അത് ജാഗ്രത കുറയ്ക്കാനുള്ള സൂചനയല്ല. ഓണം അവധിയും മറ്റുമായിരുന്നു. അതിനാല്‍ ആളുകള്‍ ടെസ്റ്റിന് പോകാന്‍ വിമുഖത കാട്ടി. സ്വകാര്യ ആശുപത്രികളിലും ലാബുകളിലും ടെസ്റ്റ് കുറഞ്ഞു. അത്തരത്തില്‍ പൊതുവില്‍ എണ്ണം കുറഞ്ഞതിനാലാണ് കേസുകള്‍ കുറഞ്ഞത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Exit mobile version