സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കൊവിഡ്; പത്ത് മരണം; ഭീതി ഒഴിയാതെ സംസ്ഥാനം

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 10 മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2067 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

അതിനിര്‍ണായക ഘട്ടത്തിലൂടെ സംസ്ഥാനം കടന്നുപോകുന്നത്. നിലവിലെ സ്ഥിതി അപ്രതീക്ഷിതമല്ല. ലോകത്തില്‍ ആദ്യം കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളിലൊന്നാണ് കേരളം.അത് കണക്കിലെടുത്താല്‍ മറ്റിടങ്ങളെ അപേക്ഷിച്ച് രോഗത്തെ ഉച്ഛസ്ഥായിലെത്താതെ പിടിച്ചുനിര്‍ത്താനായി എന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. 75,995 കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 47,828 കേസുകളുമായി ബ്രസീല്‍ രണ്ടാമതാണ്. രാജ്യത്ത് മരണം ഒരു ദിവസം ആയിരത്തില്‍ കൂടുതലാണ്. ഇന്നലെ 1017 പേരാണ് രാജ്യത്ത് മരിച്ചത്. ദക്ഷിണേന്ത്യയിലും രോഗവ്യാപനം രൂക്ഷമാണ്. കര്‍ണാടകയില്‍ മൂന്ന് ലക്ഷം കേസുകളായി. 5107 പേര്‍ മരിച്ചു. തമിഴ്‌നാട്ടില്‍ നാല് ലക്ഷം കേസായി. ഏഴായിരം പേര്‍ മരിച്ചു.

കര്‍ണാടകത്തില്‍ പത്ത് ലക്ഷത്തില്‍ 82 പേരും തമിഴ്‌നാട്ടില്‍ പത്ത് ലക്ഷത്തില്‍ 93 പേരും മരിക്കുന്നു. എന്നാല്‍ കേരളത്തിലിത് എട്ട് പേരാണ്. അയല്‍ സംസ്ഥാനങ്ങളേക്കാള്‍ കൂടിയ ജനസാന്ദ്രതയും വയോജനങ്ങളുടെ എണ്ണവും പ്രമേഹവും ഹൃദ്രോഗവും എല്ലാം കേരളത്തിലുണ്ട്. കര്‍ണാടകയിലെയോ തമിഴ്‌നാട്ടിലെയും സ്ഥിതിയായിരുന്നുവെങ്കില്‍ ആയിരക്കണക്കിന് മരണം സംസ്ഥാനത്തുണ്ടായേനെയെന്നും മുഖ്യമന്തി പറഞ്ഞു. രോഗവ്യാപനവും മരണനിരക്കും പിടിച്ചുനിര്‍ത്താനായത് കേരളത്തിലെ ജനങ്ങളുടെ സഹകരണം കൊണ്ടാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ മികച്ച പ്രവര്‍ത്തനവും മുഖ്യ പങ്ക് വഹിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version