സംസ്ഥാനത്തിന് ഇന്ന് ആശ്വാസം; 14 പേര്‍ കൊവിഡ് മുക്തരായി; രോഗം സ്ഥിരീകരിച്ചത് രണ്ട് പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 497 ആയി. കൊവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കു വീതമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നു വന്നതാണ്. മറ്റൊരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം പകര്‍ന്നത്. അതെസമയം ഇന്ന് 14 പേര്‍ക്ക് കൊവിഡ് ഭേദമായി. പാലക്കാട്- നാല് പേര്‍ക്കും കൊല്ലം- മൂന്ന് പേര്‍ക്കും കണ്ണൂര്‍, കാസര്‍കോട് -രണ്ടുപേര്‍ക്ക് വീതവും പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് -ഒരോ ആള്‍ക്ക് വീതവുമാണ് ഇന്ന് രോഗം ഭേദമായത്. നിലവില്‍ 111 പേര്‍ ചികിത്സയിലുണ്ട്.

സംസ്ഥാനത്ത് ആകെ 20711 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 20285 പേര്‍ വീടുകളിലും 426 പേര്‍ ആശുപത്രികളിലുമാണുള്ളത്. ഇന്ന് 95 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 25973 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 25135 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version