നിസാമുദ്ദീന്‍ മര്‍ക്കസില്‍ പങ്കെടുത്ത 200 പേര്‍ക്ക് രോഗം; 4000 പേര്‍ നിരീക്ഷണത്തില്‍; കേരളത്തില്‍ നിന്ന് പങ്കെടുത്തത് 310 പേര്‍; നിരീക്ഷണ ചുമതല അജിത് ഡോവലിന്

ന്യുഡല്‍ഹി: രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ ഒരു പ്രധാനകേന്ദ്രമായി ഡല്‍ഹി നിസാമുദ്ദീന്‍ മര്‍ക്കസ് ആസ്ഥാനം മാറിയെന്ന് പ്രാഥമിക നിഗമനം. ഡല്‍ഹി നിസാമുദ്ദീന്‍ മര്‍ക്കസ് തബ്ലീഗില്‍ പങ്കെടുത്ത 200 ഓളം പേര്‍ക്ക് കൊറോണ ബാധിച്ചതായിട്ടാണ് അതാത് സംസ്ഥാനങ്ങളില്‍ നിന്നുള്ള സൂചനകള്‍ വ്യക്തമാക്കുന്നത്. 20 സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ കണക്കാണിത്.

നിസാമുദ്ദീന്‍ മര്‍ക്കസ് തബ്ലീഗില്‍ 8000 പേര്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ 4000 ഓളം പേര്‍ ഡല്‍ഹിയില്‍ നിന്നാണ്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് 310 പേര്‍ മര്‍ക്കസില്‍ പങ്കെടുത്തു. ഇവരില്‍ 79 പേര്‍ മാത്രമാണ് സംസ്ഥാനത്ത് തിരിച്ചെത്തിയത്. മാര്‍ച്ച് ഏഴ് മുതല്‍ പത്തുവരെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത 79 പേരാണ് മടങ്ങിയെത്തിയത്.

മാര്‍ച്ച് 18 മുതല്‍ 20 വരെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത 80 പേരെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങിയെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ ഡല്‍ഹിയില്‍ നിരീക്ഷണത്തിലാണ്. 149 പേര്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് പ്രാര്‍ത്ഥനാ യോഗങ്ങളില്‍ പങ്കെടുക്കാന്‍ പോയി. കേരളത്തില്‍ മടങ്ങിയെത്തിയവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി. ഇവരെ കണ്ടെത്തി സ്രവം പരിശോധിക്കാനും നിരീക്ഷണത്തിലേക്ക് മാറ്റാനും തുടങ്ങി.

പ്രാര്‍ത്ഥനയ്ക്കെത്തിയ വിദേശികളില്‍ നിന്നാണ് കൊവിഡ് 19 പകര്‍ന്നതെന്നാണ് സൂചന. ഇന്ത്യയില്‍ മരിച്ച ഒരു ഫിലിപ്പീന്‍സ് സ്വദേശി ഈ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നുവെന്നും സൂചനയുണ്ട്. അതിനിടെ, മര്‍ക്കസില്‍ കഴിഞ്ഞിരുന്ന 2,361 പേരെയും ഇന്നലെയോടെ ഡല്‍ഹി പോലീസും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി.

നിസ്സാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവരെ കണ്ടെത്താനുള്ള നീക്കത്തിന് ചുക്കാന്‍ പിടിക്കാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചു. നിസ്സാമുദ്ദീനിലെ മര്‍ക്കസ് മൗലാനയുമായി അജിത് ദോവല്‍ സംസാരിച്ചു. മതകേന്ദ്രത്തിന് തൊട്ടടുത്ത് താമസിക്കുന്നവരെയും കൂട്ടത്തോടെ ഒഴിപ്പിച്ച് നിരീക്ഷണ കേന്ദ്രത്തിലാക്കി. നിലവില്‍ ആളുകളെയെല്ലാം ഒഴിപ്പിച്ച സാഹചര്യത്തില്‍ മര്‍ക്കസ് ആസ്ഥാനത്ത് അണുനശീകരണം നടത്തുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍.

അതിനിടെ നിസാമുദ്ദീന്‍ മര്‍ക്കസ് പരിപാടി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് ഏഴ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മൗലാന സാദ്്, ഡോ.സീഷന്‍, മുഫ്തി ഷെഹദ്, എം.സയ്ഫി, യൂനസ്, മുഹമ്മദ് സല്‍മാന്‍, മുഹമ്മദ് അഷ്റഫ് എന്നിവര്‍ക്കെതിരെയാണ് ഡല്‍ഹി പോലീസ് കേസെടുത്തിരിക്കുന്നത്.

Exit mobile version