‘നിര്‍ഭയ കേസിലെ പ്രതികളെ ഈ മാസം 22ന് തൂക്കിലേറ്റില്ല!’; വധശിക്ഷ വീണ്ടും നീളും

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളെ ഈ മാസം 22ന് തൂക്കിലേറ്റില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രതികള്‍ ദയാഹര്‍ജി നല്‍കിയ സാഹചര്യത്തിലാണ് തൂക്കിലേറ്റാനുള്ള സമയം നീട്ടിയതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ജയില്‍ ചട്ടങ്ങള്‍ പ്രകാരം ദയാഹര്‍ജി നിലനില്‍ക്കുമ്പോള്‍ കുറ്റവാളിയെ തൂക്കിക്കൊല്ലാനാവില്ല. ദയാഹര്‍ജി തള്ളിയ ശേഷം പ്രതികള്‍ക്ക് പതിനാലു ദിവസത്തെ നോട്ടീസ് നല്‍കണമെന്നാണ് ചട്ടങ്ങള്‍ നിര്‍ദേശിക്കുന്നതെന്ന് ഡല്‍ഹി പോലീസിനു വേണ്ടി ഹാജരായ രാജീവ് മെഹ്ര കോടതിയില്‍ പറഞ്ഞു.

മരണവാറന്റിനെതിരെ പ്രതികളില്‍ ഒരാളായ മുകേഷ് സിങ് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. പാട്യാല ഹൗസ് കോടതി പുറപ്പെടുവിച്ച മരണവാറന്റ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മുകേഷ് സിങ് ഹര്‍ജി നല്‍കിയത്. നേരത്തെ മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാ ഹര്‍ജി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ജനുവരി 22ന് രാവിലെ 7 മണിക്ക് നാലു പ്രതികളെയും തൂക്കിലേറ്റണമെന്ന് കഴിഞ്ഞ ആഴ്ച പട്യാല ഹൗസ് കോടതി ഉത്തരവിട്ടിരുന്നു.

Exit mobile version