തെരുവിലെ കുട്ടികള്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്ന് പോലീസുകാരന്‍: കൈയ്യടി നേടി കോണ്‍സ്റ്റബിള്‍ ധാന്‍ സിംഗ്

ന്യൂഡല്‍ഹി: തെരുവിലെ കുട്ടികള്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്ന് പോലീസുകാരന്‍. ഡല്‍ഹിയിലെ തെരുവില്‍ കഴിയുന്ന കുട്ടികള്‍ക്കായി പാഠശാല ഒരുക്കിയിരിക്കുകയാണ് ഹെഡ് കോണ്‍സ്റ്റബിളായ ധാന്‍ സിംഗ്.

ധാന്‍ സിംഗ് അങ്കിളിനെ പോലെ പോലീസ് ആവാനാണ് ഇവിടെയെത്തുന്ന കുട്ടികള്‍ക്കെല്ലാം ആഗ്രഹം. ദാരിദ്ര്യം മൂലം സ്‌കൂളില്‍ പോവാനാവാതെ തെരുവിലും ചേരികളിലുമായി അലയുന്നവരാണ് ഇവിടേക്ക് എത്തുന്നതില്‍ ഏറെയും.

അക്ഷരങ്ങള്‍ അറിയാത്തവര്‍ക്കും സ്‌കൂള്‍ പ്രവേശനം ലഭിച്ചില്ല. ധാന്‍ സിംഗ് പാഠശാലയില്‍ വന്നതോടെ കാര്യങ്ങള്‍ മാറി. ഇപ്പോള്‍ എല്ലാവരും ഹാപ്പിയായി സ്‌കൂളില്‍ പോകുന്നുണ്ട്. അങ്കിളാണ് വായിക്കാനും എഴുതാനും പഠിപ്പിച്ചത്. സ്‌കൂളില്‍ അഡ്മിഷനും ശരിയാക്കി.

ഡ്യൂട്ടിക്കിടയിലാണ് ധാന്‍ സിംഗ് കുപ്പിയും കവറും പെറുക്കി നടക്കുന്ന കുട്ടികളെ കണ്ടത്. തന്റെ ബാല്യവും തെരുവിലായിരുന്നുവെന്നും അതിനാല്‍ വിദ്യാഭ്യാസത്തിന്റെ മൂല്യം നന്നായി അറിയാമെന്നും ധാന്‍ സിംഗ് പറയുന്നു. സ്‌കൂളിലെ പോലെയുള്ള പഠനം, കുട്ടികള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നല്‍കണമെന്നാണ് ആശിക്കുന്നത്. ഇപ്പോള്‍ കുട്ടികള്‍ക്ക് ഒരു പ്രതീക്ഷയുണ്ടെന്നും ഇദ്ദേഹം പറയുന്നു. 2015 ല്‍ 4 കുട്ടികളെ വച്ചാണ് പാഠശാലയുടെ തുടക്കം. ഇപ്പോള്‍ ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള 85 വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്.

ജോലിത്തിരക്കിനടിയില്‍ ധാന്‍ സിംഗിന് എപ്പോഴും ഓടി എത്താന്‍ സാധിക്കാത്തതിനാല്‍ പഠിപ്പിക്കാനായി കോളേജ് വിദ്യാര്‍ഥികളും എത്തുന്നുണ്ട്. ആദ്യം ധാന്‍ സിംഗിന്റെ സ്വന്തം ചെലവില്‍ ആയിരുന്നു പാഠശാലയുടെ പ്രവര്‍ത്തനമെങ്കിലും ഇപ്പോള്‍ സന്നദ്ധ സംഘടനകളും ഡല്‍ഹി പോലീസും ഈ സമാന്തര സ്‌കൂളിനെ സഹായിക്കുന്നുണ്ട്.

Exit mobile version