മഹാരാഷ്ട്രയില്‍ ഭൂരിപക്ഷം തെളിയിച്ച് ഉദ്ധത് താക്കറേ; 169 എംഎല്‍എമാര്‍ പിന്തുണച്ച് വോട്ട് ചെയ്തു

മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ച് ഉദ്ധവ് താക്കറേയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സഖ്യമായ മഹാ വികാസ് അഖാഡി. വിശ്വാസ വോട്ടെടുപ്പില്‍ സര്‍ക്കാരിന് അനുകൂലമായി 169 എംഎല്‍എമാര്‍ വോട്ട് ചെയ്തു. അതെസമയം പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചിരുന്നു

കോണ്‍ഗ്രസ് നേതാവ് അശോക് ചവാനാണ് വിശ്വാസ പ്രമേയം അവതരിപ്പിച്ചത്. എന്‍സിപിയുടെ ദിലീപ് പാട്ടീലാണ് പ്രോടേം സ്പീക്കറായി വിശ്വാസ വോട്ടെടുപ്പിനുള്ള സഭാ നടപടിക്രമങ്ങള്‍ നിയന്ത്രിച്ചത്.
സുപ്രീംകോടതി നിര്‍ദേശപ്രകാരം തലയെണ്ണിയായിരുന്നു വോട്ടെടുപ്പ്. 162 എംഎല്‍എമാരുടെ പിന്തുണ ലഭിക്കുമെന്നായിരുന്നു ത്രികക്ഷി സഖ്യത്തിന്റെ കണക്കു കൂട്ടല്‍. എന്നാല്‍ വോട്ടെടുപ്പില്‍ അതില്‍ അധികം പേരുടെ പിന്തുണ സഖ്യത്തിന് ലഭിച്ചു.

മഹാ വികാസ് അഖാഡിയില്‍ എന്‌സിപിക്ക് 56 എംഎല്‍എമാരും, ശിവസേനക്ക് 54 ഉം കോണ്‍ഗ്രസിന് 44 എംഎല്‍എമാരുമാണുള്ളത്. ഇതിനുപുറമേ എട്ട് പേരുടെ പിന്തുണ കൂടി ഉറപ്പാണെന്നായിരുന്നു ഗവര്‍ണര്‍ക്കു നല്‍കിയ കത്തില്‍ ത്രികക്ഷി സഖ്യം പറഞ്ഞിരുന്നത്.

എഐഎംഐഎമ്മും സിപിഎമ്മും എംഎന്‍എസും വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. രണ്ട് എംഎല്‍എമാരാണ് എഐഎംഐഎമ്മിനുള്ളത്. സിപിഎമ്മിനും എംഎന്‍എസിനും ഓരോ എംഎല്‍എമാര്‍ വീതവുമുണ്ട്.

എന്നാല്‍ വിശ്വാസവോട്ടെടുപ്പിനുള്ള പ്രത്യേക സമ്മേളനം നിയമപ്രകാരമല്ല വിളിച്ചുചേര്‍ത്തതെന്ന് വിശ്വാസ വോട്ടെടുപ്പിന് മുമ്പ് സംസാരിച്ച മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫ്ഡനാവിസ് ആരോപിച്ചു. സഭ തുടങ്ങേണ്ടത് വന്ദേമാതരം ആലപിച്ചാണെന്നും, ആ ചട്ടം പാലിക്കപ്പെട്ടില്ലെന്നുമാണ് ഫഡ്‌നാവിസ് പറഞ്ഞു. വേറെയും ചട്ടലംഘനങ്ങള്‍ നടന്നെന്നും അദ്ദേഹം ആരോപിച്ചു. തുടര്‍ന്ന് ബിജെപി അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചു.

Exit mobile version