മഹാരാഷ്ട്രാ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ ഡിസംബര്‍ 1ന് സത്യപ്രതിജ്ഞ ചെയ്യും; സഖ്യ നേതാക്കള്‍ ഇന്ന് തന്നെ ഗവര്‍ണറെ കാണും

മുംബൈ: മഹാരാഷ്ട്രാ മുഖ്യമന്ത്രിയായി ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ഡിസംബര്‍ 1ന് സത്യപ്രതിജ്ഞ ചെയ്യും. എന്‍സിപി-കോണ്‍ഗ്രസ്-ശിവസേനാ എന്നീ പാര്‍ട്ടികളുടെ സംയുക്ത നിയമസഭാ കക്ഷിയോഗത്തിലാണ് ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത്.

ശിവാജി പാര്‍ക്കില്‍ വച്ചാകും സത്യപ്രതിജ്ഞ. ഇന്നു രാത്രി തന്നെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുളള അവകാശവാദം ഉന്നയിച്ച് സഖ്യനേതാക്കള്‍ ഗവര്‍ണറെ കാണും. കോണ്‍ഗ്രസ്-ശിവസേന- എന്‍സിപി സഖ്യത്തിന്റെ നിയമസഭാ കക്ഷി നേതാവായും ഉദ്ധവ് താക്കറെയെ തെരഞ്ഞെടുത്തിട്ടുണ്ട്. എന്‍സിപിയുടെ ജയന്ത്പാട്ടീലിനെയും കോണ്‍ഗ്രസിന്റെ ബാലാസാഹിബ് തൊറാട്ടിനെയും ഉപമുഖ്യമന്ത്രിമാരാക്കാനും യോഗത്തില്‍ തീരുമാനമായി.

288 അംഗ നിയമസഭയില്‍ 145 അംഗങ്ങളുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. 162 എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് എന്‍സിപി-ശിവസേന-കോണ്‍ഗ്രസ് സഖ്യം അവകാശപ്പെടുന്നത്.

Exit mobile version