മടക്കി വെക്കാന്‍ സാധിക്കുന്ന സ്മാര്‍ട്‌ഫോണുമായി സാംസങ് വരുന്നു; നിവര്‍ത്തി ടാബ്‌ലെറ്റ് ആയും ഉപയോഗിക്കാം

6.5 ഇഞ്ചിന് മുകളില്‍ വലിപ്പമുള്ളതാവും സ്മാര്‍ട്‌ഫോണ്‍ സ്‌ക്രീനിന്റെ വലിപ്പമെന്ന സൂചന കോഹ് തരുന്നുണ്ട്.

സാംസങ് ടാബ്‌ലെറ്റ് ആയും അത് മടക്കി സ്മാര്‍ട്‌ഫോണ്‍ ആയും ഉപയോഗിക്കാന്‍ സാധിക്കുന്ന ഒരു ഉപകരണം പുറത്തിറക്കാന്‍ പോകുന്നു. സാംസങ് മേധാവിയായ ഡിജെ കോഹ് ആണ് വിവരം പുറത്തുവിട്ടത്. സ്മാര്‍ട് ഫോണ്‍ പോലെ കൊണ്ടു നടക്കാവുന്നതും ആവശ്യമുള്ളപ്പോള്‍ ഒരു ടാബ് ലെറ്റ് ആയും സ്മാര്‍ട്‌ഫോണ്‍ ആയും ഉപയോക്താക്കള്‍ക്ക് ഈ ഉപകരണം ഉപയോഗിക്കാനാവും.

ക്വലാലംപുരില്‍ നടക്കാനിരിക്കുന്ന സാംസങ് ഗാലക്‌സി എ 9 അവതരണ പരിപാടിയോടനുബന്ധിച്ച് സിനെറ്റുമായി നടത്തിയ അഭിമുഖത്തിലാണ് മടക്കാന്‍ സാധിക്കുന്ന ഹാന്റ്‌സെറ്റുമായി ബന്ധപ്പെട്ട സൂചനകള്‍ കോഹ് പുറത്തുവിട്ടത്. എന്നാല്‍ ഉപയോക്താവിന് ഉപകാരപ്രദമാവുമെന്ന് ഉറപ്പായാല്‍ മാത്രമെ ആ ഫോണ്‍ വിപണിയിലെത്തിക്കുകയുള്ളൂ എന്നും കോഹ് പറഞ്ഞു.

എന്നാല്‍ മടക്കാന്‍ സാധിക്കുന്ന ഫോണിന്റെ ഡിസ്‌പ്ലേ സംബന്ധിച്ച് ഒന്നും തന്നെ തുറന്നു പറയാന്‍ കോഹ് തയ്യാറായില്ല. എന്നാല്‍ 6.5 ഇഞ്ചിന് മുകളില്‍ വലിപ്പമുള്ളതാവും സ്മാര്‍ട്‌ഫോണ്‍ സ്‌ക്രീനിന്റെ വലിപ്പമെന്ന സൂചന കോഹ് തരുന്നുണ്ട്. യോജിച്ച സമയത്ത് തന്നെയാവും ഫോള്‍ഡബിള്‍ ഫോണ്‍ വിപണിയിലെത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മടക്കാന്‍ സാധിക്കുന്ന സ്മാര്‍ട്‌ഫോണ്‍ പുറത്ത് വന്ന് മാസങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാവുന്ന ഒരു ഗിമ്മിക്ക് ഉല്‍പന്നം ആയിരിക്കില്ലെന്നും കോഹ് പറഞ്ഞു.

Exit mobile version